Suryakumar Yadav: ട്വന്റി 20 യില്‍ ഇന്ത്യയുടെ എബിഡി ആയിരുന്നു, ഇപ്പോള്‍ ക്യാപ്റ്റന്‍സി മാത്രം; സൂര്യകുമാറിന്റെ ഫോംഔട്ടില്‍ ആരാധകര്‍ക്കു നിരാശ
ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം സൂര്യയുടെ പെര്‍ഫോമന്‍സ് താഴേക്ക് പോകുകയാണെന്ന് ആരാധകര്‍ പറയുന്നു
Suryakumar Yadav: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടി20 യില്‍ ഏഴ് പന്തില്‍ 14 റണ്‍സെടുത്താണ് സൂര്യ പുറത്തായത്. ട്വന്റി 20 യില്‍ 'ഇന്ത്യന്‍ എബിഡി' എന്ന വിളിപ്പേര് കിട്ടിയ താരം സമീപകാലത്ത് ബാറ്റിങ്ങില്‍ പിന്നാക്കം പോകുന്ന കാഴ്ചയാണ് കാണുന്നത്.
ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം സൂര്യയുടെ പെര്‍ഫോമന്‍സ് താഴേക്ക് പോകുകയാണെന്ന് ആരാധകര്‍ പറയുന്നു. 14, 12, 0, 1, 4, 21 എന്നിങ്ങനെയാണ് സൂര്യയുടെ അവസാന അഞ്ച് ട്വന്റി 20 ഇന്നിങ്സുകള്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 യില്‍ പൂജ്യത്തിനും രണ്ടാം മത്സരത്തില്‍ 12 റണ്‍സിനും സൂര്യ പുറത്തായി. 2024 ലെ ട്വന്റി 20 ലോകകപ്പിനു ശേഷം 34 കാരനായ സൂര്യ 12 ടി20 ഇന്നിങ്സുകളില്‍ നിന്ന് 21.33 ശരാശരിയില്‍ വെറും 256 റണ്‍സാണ് നേടിയിരിക്കുന്നത്. ഇക്കാലയളവില്‍ രണ്ട് കളികളില്‍ മാത്രമാണ് അര്‍ധ സെഞ്ചുറി നേടിയത്. 2024 കലണ്ടര്‍ വര്‍ഷത്തില്‍ 26.81 ശരാശരിയില്‍ 429 റണ്‍സാണ് താരത്തിനു നേടാന്‍ സാധിച്ചത്. 2022, 23 വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2024 ലെ കണക്കുകള്‍ സൂര്യയുടെ ഫോംഔട്ടിന്റെ തീവ്രത വ്യക്തമാക്കുന്നു.
2022 ല്‍ 31 ഇന്നിങ്സുകളില്‍ നിന്ന് 46.56 ശരാശരിയിലും 187.43 സ്ട്രൈക് റേറ്റിലും സൂര്യ അടിച്ചുകൂട്ടിയത് 1164 റണ്‍സ് ! 2023 ല്‍ ആകട്ടെ 23 ഇന്നിങ്സുകളില്‍ നിന്ന് 48.86 ശരാശരിയില്‍ 733 റണ്‍സെടുത്തിട്ടുണ്ട്, 155.95 ആണ് സ്ട്രൈക് റേറ്റ്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമാണോ സൂര്യയുടെ ഫോംഔട്ടിനു കാരണമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.