Rohit Sharma and Virat Kohli: ഇന്ത്യയുടെ ശിവനും ശക്തിയും; അപൂര്‍വ നേട്ടത്തില്‍ സച്ചിന്‍-ദ്രാവിഡ് സഖ്യത്തിനൊപ്പം
ഇന്ത്യക്കായി 391-ാം രാജ്യാന്തര മത്സരമാണ് ഇരുവരും ഒന്നിച്ചു കളിക്കുന്നത്
Rohit Sharma and Virat Kohli
Rohit Sharma and Virat Kohli: ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ ഒന്നിച്ചുകളിക്കുന്ന കൂട്ടുകെട്ടായി രോഹിത് ശര്‍മ - വിരാട് കോലി സഖ്യം. ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിലാണ് ഇരുവരും അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യക്കായി 391-ാം രാജ്യാന്തര മത്സരമാണ് ഇരുവരും ഒന്നിച്ചു കളിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ -രാഹുല്‍ ദ്രാവിഡ് സഖ്യത്തിനൊപ്പമാണ് രോഹിത് - കോലി കൂട്ടുകെട്ടിന്റെ സ്ഥാനം. സച്ചിനും ദ്രാവിഡും ഒന്നിച്ച് 391 രാജ്യാന്തര മത്സരങ്ങളാണ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്.
369 മത്സരങ്ങള്‍ ഒന്നിച്ചു കളിച്ച രാഹുല്‍ ദ്രാവിഡ് - സൗരവ് ഗാംഗുലി സഖ്യമാണ് മൂന്നാം സ്ഥാനത്ത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ - അനില്‍ കുംബ്ലെ (367 മത്സരങ്ങള്‍), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ - സൗരവ് ഗാംഗുലി (341 മത്സരങ്ങള്‍) യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.
അതേസമയം വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഓസ്‌ട്രേലിയയിലെ അവസാന മത്സരമായിരിക്കും ഇത്. ഇനിയൊരു ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ഇരുവരും ഉണ്ടാകില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.