കരിയറിലെ നൂറാം ടെസ്റ്റിൽ എലൈറ്റ് പട്ടികയിൽ ഇടം നേടി വിരാട് കോലി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിൽ 38 റൺസെത്തിയപ്പോഴാണ് കോലിയെ തേടി പുതിയ നേട്ടമെത്തിയത്. എന്നാൽ നേട്ടം സ്വന്തമാക്കി അർധസെഞ്ചുറിക്ക് അഞ്ച് റൺസ് അകലെ കോലി പുറത്തായി.ലസിത് എംബുല്‍ഡെനിയയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.
8000 റൺസ് നേട്ടം സ്വന്തമാക്കുന്ന ആറാമത് ഇന്ത്യൻ താരമാണ് വിരാട് കോലി.സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (154 ഇന്നിംഗ്‌സ്), രാഹുല്‍ ദ്രാവിഡ് (157 ഇന്നിംഗ്‌സ്), വിരേന്ദര്‍ സെവാഗ് (160), സുനില്‍ ഗവാസ്‌കര്‍ (166), വിരാട് കോലി (169), വിവിഎസ് ലക്ഷമണ്‍ (201) എന്നിവരാണ് ഇതിന് മുൻപ് 8000 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ.
അതേസമയം നൂറാം ടെസ്റ്റിൽ 8000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററാണ് കോലി. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും100-ാം ടെസ്റ്റിലാണ് 8000 കടന്നത്. 2006ല്‍ സിഡ്‌നിയിലായിരുന്നു പോണ്ടിംഗിന്റെ നേട്ടം. പുറത്താവുമ്പോൾ അഞ്ച് ബൗണ്ടറികള്‍ കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 4 വിക്കറ്റിന് 199 റൺസെന്ന നിലയിലാണ് ഇന്ത്യ. 12 റൺസുമായി റിഷഭ് പന്തും 14 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ.