ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ കാത്തിരുന്ന മത്സരമായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വിരാട് കോലി- രോഹിത് ശര്‍മ എന്നിവര്‍ തിരിച്ചെത്തുന്ന മത്സരമായിരുന്നു ഇത്. എന്നാല്‍ ഈ മത്സരത്തില്‍ 2 താരങ്ങളും ആരാധകരെ നിരാശപ്പെടുത്തി മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഡക്കായാണ് കോലി തിരിച്ചുപോയത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസതാരമായ മാത്യു ഹെയ്ഡന്‍.
കോലി ഒരുപാട് കാര്യങ്ങളെ പറ്റി ആലോചിച്ച് സമയം കളയരുതെന്നാണ് ഹെയ്ഡന്റെ ഉപദേശം. കോലിയുടെ ബാറ്റിംഗ് ടെക്‌നിക്, ടൈമിംഗ് എല്ലാം അതുല്യമാണ്. 14,000 റണ്‍സ് ഈ ഫോര്‍മാറ്റില്‍ നേടിയ താരമെന്ന നിലയില്‍ കോലിയുടെ സമീപനത്തെ ചോദ്യം ചെയ്യുന്നതില്‍ പ്രസക്തിയില്ല. കോലി പന്ത് നേരത്തെ കണ്ടുപിടിച്ച് കൃത്യമായ കോണ്ടാക്ടില്‍ കളിക്കുന്നവനാണ്. അനാവശ്യമായുള്ള ചിന്തകളാണ് കോലി ഒഴിവാക്കേണ്ടത്. ഇത്തരം ചിന്തകള്‍ തെറ്റുകള്‍ക്ക് വഴിവെയ്ക്കും. കോലിയ്ക്ക് വ്യക്തതയും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ഏത് ബൗളറെയും നശിപ്പിക്കാനാകും. അത് നമ്മള്‍ പലപ്പോഴായി കണ്ടിട്ടുള്ളതാണ്. ഹെയ്ഡന്‍ പറഞ്ഞു.
അതേസമയം കോലിയോടൊപ്പം ഡ്രസ്സിംഗ് റൂം ഷെയര്‍ ചെയ്യാനാവുന്നത് ഭാഗ്യമാണെന്ന് മത്സരശേഷം ഇന്ത്യന്‍ പേസറായ അര്‍ഷദീപ് സിംഗും മാധ്യമങ്ങളോട് പ്രതികരിച്ചു. കോലിയുടെ പ്രകടനത്തെ പറ്റിയുള്ള അമിത വിശകലനങ്ങളില്‍ കാര്യമില്ലെന്നും ഏകദിന ഫോര്‍മാറ്റിനെ കോലിയോളം മനസിലാക്കിയിട്ടുള്ള മറ്റാരുമില്ലെന്നും അര്‍ഷദീപ് സിംഗ് പറഞ്ഞു.