ഇന്ത്യ ആതിഥേയരാകുന്ന 2023ലെ ഏകദിന ലോകകപ്പില്‍ ജേതാക്കളാകാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്ന് പാകിസ്ഥാന്‍ ഇതിഹാസതാരം വസീം അക്രം. ഇന്ത്യന്‍ ടീം ശക്തമാണെങ്കിലും ഹോം ഗ്രൗണ്ടിന്റെ സമ്മര്‍ദ്ദം ഇന്ത്യയെ വേട്ടയാടുമെന്നും അത് കൂടാതെ വേറെയും പല പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടീമിനെ അലട്ടുന്നുണ്ടെന്നും അക്രം പറഞ്ഞു.
2011ലെ ലോകകപ്പ് ഇന്ത്യയില്‍ നടന്നപ്പോള്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്‍. അതിനാല്‍ കടുത്ത സമ്മര്‍ദ്ദം തന്നെ കളിക്കാരില്‍ ഇതുണ്ടാക്കും. ആതിഥേയ ടീമുകള്‍ക്കെല്ലാം തന്നെ ഈ സമ്മര്‍ദ്ദം ഉണ്ടാകാറുണ്ട്. 2011ലെ കിരീടം നേടിയ ഇന്ത്യ 2023ല്‍ അത് ആവര്‍ത്തിച്ചില്ലെങ്കില്‍ അത് നാണക്കേടാകും. എന്നാല്‍ ഇന്ത്യയുടെ പ്രശ്‌നം പരിക്കും ബാറ്റിംഗ് ഓര്‍ഡറിലെ വ്യക്തതകുറവുമാണ്. കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍,ജസ്പ്രീത് ബുമ്ര എന്നിവരുടെ ഫിറ്റ്‌നസ് ടീമിന്റെ ആശങ്കയായി തുടരുന്നുണ്ട്. വിരാട് കോലി,രോഹിത് ശര്‍മ എന്നിവരെ അമിതമായി ആശ്രയിക്കേണ്ട നിലയിലാണ് ടീം. ബുമ്ര അയര്‍ലന്‍ഡ് പര്യടനത്തോടെ ടീമില്‍ തിരിച്ചെത്തും.ബുമ്രയുടെ ഫിറ്റ്‌നസ് പ്രശ്‌നം ടീമിനെ ബാധിക്കും. ഇന്ത്യയ്ക്ക് മികച്ച സ്പിന്നര്‍മാരും ഓള്‍റൗണ്ടര്‍മാരുമുണ്ട്. എന്നാല്‍ ബൗളിംഗില്‍ പാകിസ്ഥാന് മുന്‍തൂക്കമുണ്ട് വസീം അക്രം പറഞ്ഞു.