ഏകദിന ലോകകപ്പ് ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അവസാനമായി കളിച്ച 5 ഏകദിനമത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങിയാണ് ഓസ്‌ട്രേലിയ ലോകകപ്പിനെത്തുന്നത്. ഇന്ത്യക്കെതിരായ മൂന്നാം ഏകദിനം കൂടി നടക്കാനിരിക്കുന്നതിനാല്‍ ഇത് ചിലപ്പോള്‍ 6 തോല്‍വിയാകാനും സാധ്യതയുണ്ട്. എങ്കിലും ലോകകപ്പിനെത്തുമ്പൊള്‍ ഓസീസ് ടീമിനുള്ളിലെ കാര്യങ്ങള്‍ നല്ല രീതിയിലാണ് പോകുന്നതെന്ന് ടീമിലെ പേസ് താരമായ ഷോണ്‍ അബോട്ട് പറയുന്നു.
കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ട് തവണയാണ് എതിരാളികള്‍ ഓസീസ് ബൗളിങ്ങ് നിരയ്‌ക്കെതിരെ നാനൂറ്, നാനൂര്‍+ റണ്‍സുകള്‍ സ്വന്തമാക്കിയത്. എങ്കിലും കാര്യങ്ങള്‍ ഓസീസിന്റെ വഴിയെ ആണെന്ന് സോണ്‍ അബോട്ട് പറയുന്നു. തോല്‍വിയില്‍ ഞങ്ങള്‍ കടുത്ത നിരാശയിലാണ്. ഞങ്ങള്‍ പ്ലാനുകള്‍ കൃത്യമായി നടപ്പാക്കുന്നതില്‍ പരാജയമായി. പക്ഷേ കരുത്തരായി കൂടുതല്‍ മുന്നോട്ട് പോകാനാണ് ടീം ആഗ്രഹിക്കുന്നത്. ഞങ്ങള്‍ വീണ്ടും നാനൂറിനടുത്ത് റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഡെത്ത് ഓവറുകളിലെ ബൗളിങ് മോശമായിരുന്നില്ല.
നല്ല ലെങ്തില്‍ പന്തെറിയുവാനും ബാറ്ററില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിലും ഞങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. പല കാര്യങ്ങളും ശരിയായ രീതിയിലാണ് ടീം ചെയ്യുന്നത്. പക്ഷേ ഉദ്ദേശിച്ച റിസള്‍ട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. പക്ഷേ കാര്യങ്ങള്‍ തല കീഴാക്കി മാറ്റാന്‍ വേഗത്തില്‍ തന്നെ ടീമിന് സാധിക്കുമെന്ന് കരുതുന്നു. അബോട്ട് പറയുന്നു.