ഐ.പി.എല്‍ ഈ സീസണിൽനിന്നും പിൻമാറി നാട്ടിലേയ്ക്ക് മടങ്ങിയ സുരേഷ് റെയ്നയെ വീണ്ടും ടീമിലെടുക്കുന്ന കാര്യത്തിൽ താൻ ഇടപെടില്ലെന്ന് സിഎസ്‌കെ ഉടമസ്ഥനും മുൻ ബിസിസിഐ പ്രസിഡന്റുമായ എൻ ശ്രീനിവാസൻ. റെയ്നയെ മകനെപ്പോലെയാണ് കാണുന്നത് എങ്കിലും ടീമിൽ വീണ്ടും തിരിച്ചെടുക്കുന്ന കാര്യം തീരുമാനിയ്ക്കേണ്ടത് മാനേജ്മെന്റ് ആണെന്ന് ശ്രീനിവാസൻ പറയുന്നു. തിരികെയെത്താനുള്ള സന്നദ്ധത അറിയിച്ച് റെയ്ന എൻ ശ്രീനിവാസനെയും നായകൻ ധോണിയേയും വിളിച്ചതായാണ് വിവരം.
'താരങ്ങളെ ടീമിലെടുക്കുന്നത് തീരുമാനിയ്ക്കുന്നത് ഞാനല്ല. ഞങ്ങള്‍ സിഎസ്‌കെയുടെ ഉടമസ്ഥരാണ്. അതായത് ആ കമ്പനിനിയുടെ ഉടമസ്ഥർ. അല്ലാതെ കളിക്കാരുടെ ഉടമസ്ഥരല്ല. ടീം ഞങ്ങളുടേതാണ്. പക്ഷേ, കളിക്കാര്‍ ആരും ഞങ്ങളുടേതല്ല. ഒരു കളിക്കാരനും എന്റെ സ്വന്തമല്ല. ആരെയാണ് ലേലത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെന്നോ ആരെയാണ് കളിപ്പിക്കേണ്ടതെന്നോ ഒരിക്കലും ഞാന്‍ പറയാറില്ല. എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് ഞങ്ങള്‍ക്കുള്ളത്. അപ്പോൾ ഞങ്ങൾ എന്തിന് ക്രിക്കറ്റ് വിഷയങ്ങളില്‍ ഇടപെടണം?
റെയ്നയെ ഒരു മകനെ പോലെയാണ് കണ്ടിട്ടുള്ളത്. പക്ഷേ ഉടമകള്‍ ടീമിന്റെ ക്രിക്കറ്റ് വിഷയങ്ങളില്‍ കൈ കടത്താത്തതു കൊണ്ടാണ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഒരു വിജയമായി മാറിയത്. 1960കള്‍ മുതല്‍ ക്രിക്കറ്റ് രംഗത്തുള്ളവരാണ് ഇന്ത്യാ സിമന്റ്‌സ്. ഇനിയങ്ങോട്ടും എന്റെ ശൈലി ഇതു തന്നെയാകും.' ശ്രീനിവാസന്‍ വ്യക്തമാക്കി.