ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി പാക് ടീം നന്നായി തയ്യാറെടുത്തതായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ബാബര്‍ അസം അടക്കം പാകിസ്ഥാന്‍ ടീമിലെ മിക്ക താരങ്ങളും ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത് എന്നൊരു പ്രത്യേകതയും ഇത്തവണയുണ്ട്. ഏഷ്യാകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ നിന്നും പുറത്തുകടക്കാന്‍ ലോകകപ്പില്‍ പാകിസ്ഥാന്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.
നിലവിലെ പാകിസ്ഥാന്‍ ടീമിലുള്ള താരങ്ങളില്‍ ആഘ സമല്‍മാന്‍, മുഹമ്മദ് നവാസ് എന്നിവര്‍ മാത്രമാണ് ഇതിന് മുന്‍പ് ഇന്ത്യയില്‍ കളിച്ചിട്ടുള്ള താരങ്ങള്‍. ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബാബര്‍ അസം പാക് ടീമിന്റെ ലോകകപ്പ് ഒരുക്കങ്ങളെ പറ്റി വ്യക്തമാക്കിയത്. ഇന്ത്യന്‍ മണ്ണില്‍ മുന്‍പ് കളിച്ചിട്ടില്ല എന്നത് ശരി തന്നെയാണ്. പക്ഷേ അക്കാര്യത്തില്‍ സമ്മര്‍ദ്ദമില്ല. മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ കളിക്കുന്ന അതേ അവസ്ഥയാണ് ഇന്ത്യയിലും എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ലോകകപ്പില്‍ ടീമിനെ നയിക്കുക എന്നത് അഭിമാനകരമായ കാര്യമാണ്. ലോകകപ്പ് നേടി പാകിസ്ഥാനില്‍ തിരികെയെത്താമെന്ന പ്രതീക്ഷയിലാണ് ടീം.
വ്യക്തിഗത മികവിനെ പറ്റി ഞാന്‍ ചിന്തിക്കുന്നില്ല. എന്റെ മികവ് ടീമിന്റെ ഫലത്തെ സ്വാധീനിക്കണം. ലോകകപ്പ് ഒരു മഹത്തായ അവസരമാണ്. അത് നേടുന്നതിലാണ് പൂര്‍ണ്ണമായ ശ്രദ്ധ. അവിടെ ഒരു ഹീറോ ആകാനുള്ള അവസരമാണിത്. എല്ലാവരും ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും. അവരെ കടത്തിവെട്ടാന്‍ സാധിക്കുക എന്നത് സവിശേഷമായ അനുഭവമാണ്. ബാബര്‍ പറഞ്ഞു.