ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഏറ്റവും പ്രതീക്ഷ വെയ്ക്കുന്ന യുവതാരമാണ് റിച്ച ഘോഷ്. 22 വയസാകുമ്പോള്‍ തന്നെ ഇന്ത്യന്‍ ടീമിലെ പ്രധാനതാരമായി റിച്ച വളര്‍ന്നു കഴിഞ്ഞു.ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ തകര്‍ച്ചയില്‍ നിന്ന ഇന്ത്യയെ കരകയറ്റിയത് റിച്ചയുടെ പ്രകടനമായിരുന്നു. മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യയെ വലിയ തോല്‍വിയില്‍ നിന്നാണ് റിച്ച കരകയറ്റിയത്. വെസ്റ്റ് ബംഗാളിലെ സിലിഗുരിയില്‍ നിന്നും കഷ്ടപാടുകളോട് പൊരുതിയാണ് റിച്ച ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്.
വനിതാ ക്രിക്കറ്റെന്ന് കേട്ടുകേള്‍വി പോലുമില്ലാത്തെവെസ്റ്റ് ബംഗാളില്‍ 2003 സെപ്റ്റംബര്‍ 28നായിരുന്നു റിച്ചയുടെ ജനനം. വനിതാ ക്രിക്കറ്റിന് വലിയ പ്രചാരത്തിലില്ലാത്തതിനാല്‍ തന്നെ ആണ്‍കുട്ടികള്‍ക്കൊപ്പമാണ് ചെറുപ്പം മുതലെ റിച്ച കളിച്ചു തുടങ്ങിയത്. കുടുംബത്തിലെ ചിലവുകള്‍ക്കൊപ്പം റിച്ചയ്ക്ക് ആവശ്യമായ പരിശീലന സൗകര്യം ഒരുക്കുക എന്നത് റിച്ചയുടെ കുടുംബത്തിന് പ്രയാസകരമായ കാര്യമായിരുന്നു. എങ്കിലും മകളുടെ സ്വപ്നങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് റിച്ചയുടെ പിതാവ് തീരുമാനിച്ചത്. വെറും 11 വയസില്‍ തന്നെ ജില്ലാ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ റിച്ചയ്ക്ക് സാധിച്ചു. വൈകാതെ തന്നെ അണ്ടര്‍ 19, അണ്ടര്‍ 23 സംസ്ഥാന ടീമുകളില്‍ റിച്ച ഇടം നേടി. 2018-19 സീസണില്‍ ബംഗാള്‍ സീനിയര്‍ ടീമിലെത്താന്‍ താരത്തിനായി. ആ വര്‍ഷം തന്നെ 2019ലെ ചാലഞ്ചര്‍ ട്രോഫിയിലൂടെ റിച്ച ദേശീയ ടീമിലേക്കെത്തി.
2020ല്‍ വെറും പതിനാറാം വയസില്‍ ഇന്ത്യയ്ക്കായി അരങ്ങേറാന്‍ താരത്തിനായി. ഫിനിഷിങ് റോളിലെ മികവിനപ്പുറം വിക്കറ്റ് കീപ്പറെന്ന നിലയിലും മികവുറ്റ പ്രകടനങ്ങള്‍ തുടര്‍ന്നതോടെ റിച്ച ദേശീയ ടീമിലെ അവിഭാജ്യഘടകമായി. 2022ലെ വനിതാ ലോകകപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ടീമിനായി മികച്ച പ്രകടനം തന്നെ നടത്താന്‍ റിച്ചയ്ക്കായി.അത് വനിതാ ഏകദിന ലോകകപ്പിലെ ദക്ഷിണാഫ്രിക്കക്കെതിരായ പ്രകടനം വരെ എത്തിനില്‍ക്കുന്നു.