ഇടയ്ക്കിടെ പരുക്കേല്‍ക്കുന്ന ആളെ ക്യാപ്റ്റനായി വേണ്ട; ഹാര്‍ദിക്കിന് വിനയായത് ഗംഭീറിന്റെ പിടിവാശി, സൂര്യ അടുത്ത ലോകകപ്പ് വരെ തുടരും !
2023 ലെ ഏകദിന ലോകകപ്പിനിടയില്‍ പരുക്കേറ്റ് പാണ്ഡ്യ പുറത്തായിരുന്നു. പിന്നീട് വലിയൊരു ഇടവേളയ്ക്കു ശേഷം ഐപിഎല്ലിലാണ് പാണ്ഡ്യ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്
Gautam Gambhir and Hardik Pandya
ഹാര്‍ദിക് പാണ്ഡ്യയെ ട്വന്റി 20 ഫോര്‍മാറ്റില്‍ മുഴുവന്‍ സമയ നായകനാക്കുന്നതില്‍ ശക്തമായി വിയോജിച്ചത് പരിശീലകന്‍ ഗൗതം ഗംഭീര്‍. ട്വന്റി 20 ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ഉപനായകനായി ബിസിസിഐ പാണ്ഡ്യയെ തീരുമാനിച്ചത് തന്നെ 'ഭാവിയിലേക്കുള്ള നായകന്‍' എന്ന നിലയിലാണ്. പരിശീലകനായി ഗംഭീര്‍ എത്തിയതോടെ ബിസിസിഐയുടെ പദ്ധതികള്‍ പൊളിഞ്ഞു. ഇടയ്ക്കിടെ പരുക്കേല്‍ക്കുകയും ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുകയും ചെയ്യുന്ന താരത്തെ ക്യാപ്റ്റനാക്കുന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് ഗംഭീര്‍ ബിസിസിഐയെ അറിയിക്കുകയായിരുന്നു.
'പരുക്കുകള്‍ കാരണം ഹാര്‍ദിക്കിന് ഒട്ടേറെ മത്സരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി കളിക്കാനും അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ട്. പാണ്ഡ്യയുടെ ഫിറ്റ്‌നെസ് പലപ്പോഴും ടീമിനു തലവേദനയാകും. അങ്ങനെയൊരു താരത്തിനു മുഴുവന്‍ സമയ നായകസ്ഥാനം നല്‍കുന്നത് ശരിയല്ല,' ഗംഭീര്‍ ബിസിസിഐ നേതൃത്വത്തെ അറിയിച്ചതായി ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം സൂര്യകുമാര്‍ യാദവ് 2026 ലെ ട്വന്റി 20 ലോകകപ്പ് വരെ നായകസ്ഥാനത്ത് തുടരുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
2023 ലെ ഏകദിന ലോകകപ്പിനിടയില്‍ പരുക്കേറ്റ് പാണ്ഡ്യ പുറത്തായിരുന്നു. പിന്നീട് വലിയൊരു ഇടവേളയ്ക്കു ശേഷം ഐപിഎല്ലിലാണ് പാണ്ഡ്യ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. നേരത്തെയും പരുക്കിനെ തുടര്‍ന്ന് പാണ്ഡ്യക്ക് നിരവധി രാജ്യാന്തര മത്സരങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് നായകസ്ഥാനത്തേക്ക് സ്ഥിരതയുള്ള താരത്തെ മതിയെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നായകന്‍ സൂര്യ തന്നെയായിരിക്കണമെന്ന് ഗംഭീറിനു പിടിവാശി ഉണ്ടായിരുന്നില്ല. മറ്റേതെങ്കിലും താരത്തെ പരിഗണിക്കാനും ഗംഭീര്‍ തയ്യാറായിരുന്നു. ബിസിസിഐയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമാണ് ഹാര്‍ദിക് അല്ലെങ്കില്‍ സൂര്യകുമാര്‍ നയിക്കട്ടെ എന്ന അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.