Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിറം മങ്ങി രാഹുൽ, അവസരം കാത്ത് സഞ്ജു; കാത്തിരിപ്പ് എത്രനാൾ?

നിറം മങ്ങി രാഹുൽ, അവസരം കാത്ത് സഞ്ജു; കാത്തിരിപ്പ് എത്രനാൾ?

നീലിമ ലക്ഷ്മി മോഹൻ

, വെള്ളി, 8 നവം‌ബര്‍ 2019 (11:37 IST)
രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ രാത്രി ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യൻ നായകന്റെ തേരോട്ടമായിരുന്നു നടന്നത്. ഇതിലും ഭേദം മഹാ ചുഴലിക്കാറ്റ് വന്ന് മത്സരം മുടങ്ങുന്നതായിരുന്നുവെന്ന് ഒരിക്കലെങ്കിലും ബംഗ്ലാ കടുവകൾ ചിന്തിച്ചിട്ടുണ്ടാകും. 
 
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനായി രാജ്കോട്ടിലെത്തുമ്പോൾ ബംഗ്ലദേശിന്റെ മനസിലുണ്ടായിരുന്ന തുടർച്ചയായ രണ്ടാം വിജയമെന്ന മോഹത്തിനു മുന്നിൽ ആഞ്ഞടിച്ച് രോഹിത് എന്ന ചുഴലിക്കാറ്റ്. രോഹിത് എന്ന ഒറ്റയാൻ ബംഗ്ലാദേശിന്റെ മോഹങ്ങൾ തച്ചുടച്ചപ്പോൾ ആരാധകർക്ക് ആവേശമായി. 
 
രോഹിതിന്റെ പിന്നാലെ ധവാനും തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചു. ശേഷമിറങ്ങിയ രാഹുൽ – ശ്രേയസ് അയ്യർ സഖ്യത്തിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എങ്കിലും അയ്യരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. എന്നാൽ, കെ എൽ രാഹുലിന്റെ മെല്ലെപ്പോക്ക് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ മത്സരത്തിലും രാഹുൽ നിരാശാജനകമായ പ്രകടനമായിരുന്നു പുറത്തെടുത്തത്.   
 
കെ എൽ രാഹുലിന്റെ സ്ഥാനത്ത് മലയാളി താരം സഞ്ജു വി സാംസണെ പരീക്ഷിച്ച് കൂടേയെന്ന ചോദ്യം ശക്തമായി ഉയരുകയാണ്. രണ്ടാമങ്കത്തിനു ഇറങ്ങുന്ന ടീമിനൊപ്പം ഉണ്ടാകുമെന്ന സൂചനയായിരുന്നു ഇന്നലെ സഞ്ജു നൽകിയത്. എന്നാൽ, കളിക്കിറങ്ങിയപ്പോൾ സഞ്ജു വീണ്ടും പുറത്തുതന്നെയായിരുന്നു. സഞ്ജു ഉണ്ടാകുമെന്ന പ്രതീക്ഷയിൽ നിന്നിരുന്നവർ ഇതോടെ നിരാശരായി. 
 
ഫോമിലല്ലാത്ത ലോകേഷ് രാഹുലിനു പകരം സഞ്ജുവിനെ എന്തേ പരീക്ഷിക്കാത്തത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ‘മാച്ച് ഡേ’ എന്നു കുറിച്ച് സഞ്ജു നടത്തിയ ചെറു ട്വീറ്റും അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. ആദ്യ മത്സരത്തിലെ ടീമിനെ നിലനിർത്തിയതോടെ സഞ്ജുവിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പ് ഇനിയും നീളുകയാണ്. രണ്ടാമങ്കത്തിൽ വിജയം കൈവരിച്ചതോടെ അതേ ടീമിനെ തന്നെയാകും അവസാന മത്സരത്തിലും ഇറക്കുക എങ്കിൽ സഞ്ജുവിന്റെ സ്ഥാനം എന്താകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ടീമിൽ ഇടം പിടിക്കുകയും കളിക്കാൻ കഴിയാതെ വരികയും ചെയ്യുകയാണെങ്കിൽ അത്രയും വേദനാജനകമായ മറ്റൊരു കാര്യം മലയാളികൾക്ക് ഉണ്ടാകില്ലെന്ന് തന്നെ പറയാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത അടി പോതുമാ.. ഇന്നോം കൊഞ്ചം വേണമാ.. രാജ്കോട്ടിൽ ആഞ്ഞടിച്ച് രോഹിത് ചുഴലിക്കാറ്റ്