വനിതാ അണ്ടര്‍ 19 ടി20 ലോകകപ്പില്‍ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ സൂപ്പര്‍ സിക്‌സില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ സൂപ്പര്‍ സിക്‌സില്‍ സ്ഥാനം ഉറപ്പിച്ചത്. ശ്രീലങ്കക്കെതിരെ 60 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയ്ക്കായി ശബ്‌നം ഷാകില്‍,വി ജെ ജോഷിത, പരുണിക സിസോദിയ എന്നിവര്‍ 2 വിക്കറ്റുകള്‍ വീതവും ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.ലങ്കന്‍ നിരയില്‍ 15 റണ്‍സെടുത്ത രശ്മിക സെവ്വാന്‍ഡി മാത്രമാണ് തിളങ്ങിയത്. നേരത്തെ ഇന്ത്യയ്ക്കായി ഓപ്പണര്‍ ഗോന്‍ഗഡി തൃഷ 44 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 49 റണ്‍സെടുത്തു.