Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

ഇന്ത്യക്ക് പിഴച്ചതും, തിരിച്ചടിയാകുന്നതും ഇക്കാര്യങ്ങള്‍; കോഹ്‌ലിക്ക് വന്‍ വെല്ലുവിളി!

Indian team
, തിങ്കള്‍, 27 മെയ് 2019 (15:43 IST)
2019 ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ സാധ്യതയുള്ള ഇംഗ്ലണ്ടും ഇന്ത്യയും ആദ്യ സന്നാഹ മത്സരത്തില്‍ തന്നെ തോല്‍‌വിയറിഞ്ഞു. വിരാട് കോഹ്‌ലിയും സംഘവും ന്യൂസിലന്‍ഡിന് മുന്നില്‍ പകച്ചു നിന്നപ്പോള്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയോടാണ് ആതിഥേയര്‍ അടിയറവ് പറഞ്ഞത്.

പിടിതരാ‍ത്ത ഇംഗ്ലീഷ് പിച്ചുകള്‍ ഇന്ത്യയെ കൈവിട്ടപ്പോള്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി 300അല്ലെങ്കില്‍ 400 റണ്‍സ് ഈസിയായി സ്‌കോര്‍ ചെയ്യുന്ന ഇംഗ്ലണ്ട് ഓസീസ് ഉയര്‍ത്തിയ 298 റണ്‍സ് മറികടക്കാനാകാതെ 285 റണ്‍സിന് എല്ലാവരും പുറത്തായി. കിവികള്‍ക്കെതിരെ 179 റണ്‍സിന് പുറത്താകുകയായിരുന്നു ഇന്ത്യയും.

ഈ ലോകകപ്പ് പ്രവചനങ്ങള്‍ക്കും അപ്പുറമായിരിക്കുമെന്നതിന്റെ സൂചനയാണ് പേരുകേട്ട രണ്ട് ടീമുകളുടെ പരാജയം വ്യക്തമാക്കുന്നത്. ബോളിംഗിനെ സഹായിക്കില്ലെന്ന് പറഞ്ഞ പിച്ചില്‍ പന്ത് സ്വിംഗ് ചെയ്‌തതോടെ ഇന്ത്യ വീണു. ഈ തോല്‍‌വി കോഹ്‌ലിക്ക് കാര്യങ്ങള്‍ മനസിലാക്കി കൊടുത്തു കഴിഞ്ഞു.

ഓപ്പണിംഗ് വിക്കറ്റ് തിളങ്ങിയില്ലെങ്കില്‍ കളി കൈവിടുമെന്ന് ക്യാപ്‌റ്റന്‍ തിരിച്ചറിഞ്ഞു. രോഹിത് ശര്‍മ്മ - ശിഖര്‍ ധവാന്‍ സഖ്യം ക്രീ‍സില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ പന്തിന്റെ തിളക്കം പോകുന്നതിന് മുമ്പ് കോഹ്‌ലിക്കും നാലാം നമ്പര്‍ ബാറ്റ്‌സ്‌മാനും ക്രീസിലെത്തേണ്ടി വരും. അങ്ങനെ വന്നാല്‍ എന്തു ചെയ്യണമെന്ന് മധ്യനിര തീരുമാനിക്കേണ്ടതുണ്ട്.

നിര്‍ണായകമായ നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷന്‍ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ തലവര മാറ്റിമറിക്കുമെന്ന് വ്യക്തമാണ്. സന്നാഹ മത്സരത്തില്‍ കെ എല്‍ രാഹുലിന് പന്തിന്റെ ഗതി പോലും മനസിലാക്കാന്‍ കഴിയാതെ പുറത്തു പോകേണ്ടി വന്നത് പരിശീലകന്‍ രവി ശാസ്‌ത്രിയെ ഇരുത്തി ചിന്തിപ്പിക്കും.

പരുക്കിന്റെ പിടിയിലായ വിജയ് ശങ്കര്‍ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ല. ഈ സ്ഥാനത്തേക്ക് രാഹുല്‍ അല്ലെങ്കില്‍ ദിനേഷ് കാര്‍ത്തിക് എന്നാകും കോഹ്‌ലിയുടെ ചിന്ത. എന്നാല്‍, നാലാം നമ്പറില്‍ 18 ഇന്നിങ്സില്‍ 38.73 ശരാശരിയില്‍ 426 റണ്‍സ് മാത്രമാണ് കാര്‍ത്തിക്കിന്റെ സമ്പാദ്യമെന്നത് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.

ഇംഗ്ലണ്ടിലെ കാലാവസ്ഥ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പിടിതരില്ല. ഇത് കോഹ്‌ലിയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ചൂട് കാലം ആണെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷവും കാറ്റും തിരിച്ചടിയുണ്ടാക്കും. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പിച്ച് ബോളര്‍മാരെ സഹായിക്കും. പന്ത് വായുവിൽ സ്വിങ് ചെയ്യും. ബോളിന്റെ മൂവ്‌മെന്റ് അപ്രതീക്ഷിതമായിരിക്കും. വിക്കറ്റിന് മുന്നില്‍ കുടുങ്ങാനുള്ള സാധ്യത ഇരട്ടിയാകും. ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് പിഴച്ചത് ഇക്കാര്യത്തിലാണ്.

പന്ത് വായുവിൽ സ്വിങ് ചെയ്യുമ്പോള്‍ ബാറ്റ്‌സ്‌മാന് ക്ഷമയാണ് ആവശ്യം. ആദ്യ ഓവറുകള്‍ക്ക് ശേഷം പിച്ച് ബാറ്റിംഗിന് അനുകൂലമാകും. ഒരു പക്ഷേ മുന്‍‌നിര തകര്‍ന്നാല്‍ മധ്യനിര കളി മെനയേണ്ട സാഹചര്യവും സംജാതമാകും. അവിടെയാണ് മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിധ്യം നിര്‍ണായകമാ‍കുക. ഇതിനാല്‍ ടീം സെലക്‌ഷന്റെ കാര്യത്തില്‍ കോഹ്‌ലി അതീവ ശ്രദ്ധ കാണിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2023ലെ ലോകകപ്പില്‍ ധോണി കളിക്കും?!