WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്
194 ഇന്ത്യന്‍ താരങ്ങളും 83 വിദേശതാരങ്ങളും ഉള്‍പ്പടെ 277 കളിക്കാരാണ് താരലേലത്തിനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പിന് മുന്നോടിയായുള്ള മെഗാ താരലേലം ഇന്ന് നടക്കും. ഡല്‍ഹിയില്‍ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് താരലേലം തുടങ്ങുക. 194 ഇന്ത്യന്‍ താരങ്ങളും 83 വിദേശതാരങ്ങളും ഉള്‍പ്പടെ 277 കളിക്കാരാണ് താരലേലത്തിനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ 73 പേരെയാകും ടീമുകള്‍ക്ക് സ്വന്തമാക്കാനാവുക.
ഓരോ ടീമിനും 18 കളിക്കാരെയാണ് പരമാവധി ടീമിലെത്തിക്കാനാവുക. 15 കോടി രൂപയാണ് ടീമുകളുടെ പരിധി. പ്രധാനതാരങ്ങളെ നിലനിര്‍ത്തിയ ഡല്‍ഹിക്ക് 5.70 കോടി രൂപയാണ് ബാക്കിയുള്ളത്. ആര്‍സിബിക്ക് 6.15 കോടിയും യു പി വാരിയേഴ്‌സിന് 14.5 കോടി രൂപയും കൈവശമുണ്ട്. ദീപ്തി ശര്‍മ, ലോറ വോള്‍വാര്‍ഡ്, രേണുക സിംഗ്, സോഫി ഡിവൈന്‍, സോഫി എക്ലെസ്റ്റോണ്‍, അലീസ ഹീലി,അമേലിയ കെര്‍, മെഗ് ലാന്നിങ്ങ് എന്നീ താരങ്ങള്‍ 50 ലക്ഷം അടിസ്ഥാന വിലയിലാകും ലേലത്തില്‍ പങ്കെടുക്കുക.
7 മലയാളി താരങ്ങളാണ് താരലേലത്തിനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആശ ശോഭന, സജന സജീവന്‍,വിജെ ജോഷിത, നജ്‌ല നൗഷാദ്, പണവി ചന്ദ്രന്‍, സലോനി എന്നിവരാണ് ലിസ്റ്റ് ചെയ്തിട്ടുള്ള മലയാളി താരങ്ങള്‍, റെയില്‍വേയുടെ മലയാളി താരം മിന്നുമണിയും പട്ടികയിലുണ്ട്.