Deepti Sharma: 'ഇന്ത്യയുടെ വിജയദീപ്തി'; ഓള്‍റൗണ്ടര്‍ മികവോടെ ലോകകപ്പിന്റെ താരം
						
		
						
				
ഈ ലോകകപ്പില്‍ 215 റണ്‍സും 22 വിക്കറ്റുകളും ദീപ്തിയുടെ പേരിലുണ്ട്
			
		          
	  
	
		
										
								
																	
	Deepti Sharma: വനിത ഏകദിന ലോകകപ്പിലെ താരമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ. ബാറ്റിങ്ങിലും ബൗളിങ്ങിലും താരം ഒരുപോലെ തിളങ്ങി. ഫൈനലിന്റെ സമ്മര്‍ദ്ദം തരിമ്പും ഏല്‍ക്കാതെ മുംബൈയിലെ ഡി.വൈ പട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ദീപ്തി നടത്തിയ ഓള്‍റൗണ്ടര്‍ പ്രകടനം അവിസ്മരണീയമാണ്. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	ഈ ലോകകപ്പില്‍ 215 റണ്‍സും 22 വിക്കറ്റുകളും ദീപ്തിയുടെ പേരിലുണ്ട്. അതില്‍ ഫൈനലിലെ 58 പന്തില്‍ നിന്ന് നേടിയ 58 റണ്‍സും 9.3 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയ അഞ്ച് വിക്കറ്റുകളും എടുത്തുപറയേണ്ടതാണ്. 
 
									
										
								
																	
	 
	ഫൈനലില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതമാണ് ദീപ്തി അര്‍ധ സെഞ്ചുറി നേടിയത്. ഇന്ത്യയുടെ സ്‌കോര്‍ 300 നു അടുത്തെത്തിയതില്‍ അഞ്ചാമതായി ക്രീസിലെത്തിയ ദീപ്തിയുടെ ഇന്നിങ്‌സിനു വലിയ പങ്കുണ്ട്. ബൗളിങ്ങില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയതും ദീപ്തി തന്നെ. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ഡ്റ്റിനെ ദീപ്തിയാണ് പുറത്താക്കിയത്. ലൗറയുടെ വിക്കറ്റ് തെറിച്ച ശേഷമാണ് ഫൈനല്‍ പൂര്‍ണമായും ഇന്ത്യയുടെ കൈകളില്‍ ഭദ്രമായതെന്നു പറയാം. സിനാലോ ജാഫ്ത, അനെറി ഡെര്‍ക്‌സണ്‍, ലോ ട്രയോണ്‍, നദിന്‍ ഡി ക്ലെര്‍ക്ക് എന്നിവരെയും ദീപ്തിയാണ് വീഴ്ത്തിയത്. 
 
									
											
							                     
							
							
			        							
								
																	
	 
	സ്വപ്‌നം പോലെയാണ് ഈ നേട്ടം തോന്നുന്നത്. എനിക്ക് ടീമിനായി ഈ രീതിയില്‍ പ്രകടനം നടത്താന്‍ സാധിച്ചു എന്നത് ആലോചിക്കുമ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നുന്നു. ഏത് അവസ്ഥയില്‍ ആണെങ്കിലും അത് ഞാന്‍ ആസ്വദിക്കുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഒരു ഓള്‍റൗണ്ടര്‍ ആയി ടീമിനു വേണ്ടി പെര്‍ഫോം ചെയ്യുന്നതിനേക്കാള്‍ മികച്ചതായി വേറൊന്നുമില്ല - ദീപ്തി പറഞ്ഞു.