Australia vs South Africa, WTC Final 2025: 'ഇനി ബാവുമ ശരണം'; ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക തകരുന്നു, ഇന്ന് നിര്‍ണായകം
WTC Final 2025, Day 1 Scorecard: ലോര്‍ഡ്‌സില്‍ നടക്കുന്ന ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന്റെ ആദ്യദിനമായ ഇന്നലെ 78 ഓവറുകള്‍ മാത്രമാണ് കളി നടന്നത്
Australia vs South Africa Day 1 Scorecard
Australia vs South Africa, WTC Final 2025: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ന് നിര്‍ണായകം. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 212 ലേക്ക് ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്കു ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ 43 റണ്‍സില്‍ നാല് പ്രധാന വിക്കറ്റുകള്‍ നഷ്ടമായി.
ലോര്‍ഡ്‌സില്‍ നടക്കുന്ന ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന്റെ ആദ്യദിനമായ ഇന്നലെ 78 ഓവറുകള്‍ മാത്രമാണ് കളി നടന്നത്. ഓസ്‌ട്രേലിയ 56.4 ഓവറില്‍ 212 നു ഓള്‍ഔട്ട് ആയപ്പോള്‍ ദക്ഷിണാഫ്രിക്ക 22 ഓവറില്‍ 43-4 എന്ന നിലയിലാണ്. നായകന്‍ തെംബ ബാവുമ (37 പന്തില്‍ മൂന്ന്), ആറാമനായി ക്രീസിലെത്തിയ ഡേവിഡ് ബെഡിങ്കാം (ഒന്‍പത് പന്തില്‍ എട്ട്) എന്നിവരാണ് ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ ക്രീസില്‍. രണ്ടാം ദിനമായ ഇന്ന് ബാവുമയുടെ ഇന്നിങ്‌സ് എത്രത്തോളം നീളുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ദക്ഷിണാഫ്രിക്കയുടെ ഭാവി.
ഏദന്‍ മാര്‍ക്രം (പൂജ്യം), റയാന്‍ റിക്കല്‍ട്ടണ്‍ (16), വിയാന്‍ മള്‍ഡര്‍ (ആറ്), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
ബ്യു വെബ്‌സ്റ്റര്‍ (92 പന്തില്‍ 72), സ്റ്റീവ് സ്മിത്ത് (112 പന്തില്‍ 66) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 200 കടത്തിയത്. അലക്‌സ് കാരി 31 പന്തില്‍ 23 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ 15.4 ഓവറില്‍ 51 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കോ യാന്‍സണ്‍ മൂന്നും കേശവ് മഹാരാജ്, ഏദന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്ട്സ്റ്റാറിലുമാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുക. ഇന്ത്യയില്ലാത്ത ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആണിതെന്ന പ്രത്യേകതയും ഉണ്ട്. 2021, 23 ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കളിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും പരാജയപ്പെട്ടു.
ഓസ്ട്രേലിയ, പ്ലേയിങ് ഇലവന്‍: ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, അലക്സ് കാരി, ബ്യു വെബ്സ്റ്റര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലിന്‍
ദക്ഷിണാഫ്രിക്ക, പ്ലേയിങ് ഇലവന്‍: ഏദന്‍ മാര്‍ക്രം, റയാന്‍ റിക്കല്‍ട്ടണ്‍, വിയാന്‍ മള്‍ഡര്‍, തെംബ ബാവുമ, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഡേവിഡ് ബെഡിങ്കാം, കെയ്ല്‍ വെറെയ്ന്‍, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ലുങ്കി എങ്കിടി