ലഹരി മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് സിംബാബ്വെ ക്രിക്കറ്റ് ടീമില്‍ നിന്നും മുന്‍ നായകന്‍ ഷോണ്‍ വില്യംസിനെ പുറത്താക്കി. ലഹരിമരുന്നിന് അടിമയാണെന്നും പുനരധിവാസ കേന്ദ്രത്തിലേക്ക് മാറിയെന്നും ഷോണ്‍ വില്യംസ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് താരത്തെ പുറത്താക്കിയെന്നും അദ്ദേഹവുമായുള്ള കരാര്‍ പുതുക്കില്ലെന്നും സിംബാബ്വെ ക്രിക്കറ്റ് അറിയിച്ചു. 2 പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറില്‍ വിവിധ ഫോര്‍മാറ്റുകളിലായി സിംബാബ്വെയ്ക്കായി 273 മത്സരങ്ങളിലേറെ കളിച്ചിട്ടുള്ള താരമാണ് 39കാരനായ ഷോണ്‍ വില്യംസ്.
ടി20 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളുടെ തലേ ദിവസം താരം ടീമില്‍ നിന്നും പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റമെങ്കിലും സിംബാബ്വെ ക്രിക്കറ്റ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ലഹരിമരുന്ന് ഉപയോഗം വില്യംസ് സമ്മതിച്ചത്. സ്വയം റിഹാബ് ചെയ്തതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെങ്കിലും പ്രൊഫഷണല്‍, ധാര്‍മിക മാനദണ്ഡങ്ങളില്‍ ഗുരുതരമായ ആശങ്കയാണ് ഷോണ്‍ വില്യംസ് ഉയര്‍ത്തുന്നതെന്ന് സിംബാബ്വെ ക്രിക്കറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2005ല്‍ സിംബാബ്വെ റ്റീമില്‍ അരങ്ങേറിയ ഷോണ്‍ വില്യംസ് 164 ഏകദിന മത്സരങ്ങളില്‍ നിന്ന് 8 സെഞ്ചുറിയും 37 അര്‍ധസെഞ്ചുറിയും അടക്കം 37.53 ശരാശരിയില്‍ 5217 റണ്‍സ് നേടിയിട്ടുണ്ട്. 24 ടെസ്റ്റ് മത്സരങ്ങളിലും 84 ടി20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.