വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന 2 മത്സരങ്ങളില്‍ നിന്ന് പിന്മാറി ഓസീസ് താരം ട്രാവിസ് ഹെഡ്. ആഷസിന് മുന്‍പായി അടുത്ത ആഴ്ച ഹോബാര്‍ട്ടില്‍ നടക്കുന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ സൗത്ത് ഓസ്‌ട്രേലിയക്കായി താരം കളിക്കും. കഴിഞ്ഞ ജൂലൈയിലെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ശേഷമുള്ള ഹെഡിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് മത്സരമാണിത്.
അടുത്തിടെയായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കാര്യമായ പ്രകടനങ്ങള്‍ നടത്താന്‍ ഹെഡിനായിട്ടില്ല. ടെസ്റ്റ് ടീമില്‍ അഞ്ചാമനായി ഇറങ്ങുന്ന ഹെഡ് ഓസീസിന് നിര്‍ണായകമായ താരമാണ്. ഒരൊറ്റ സെഷന്‍ കൊണ്ട് കളിമാറ്റാനുള്ള ഹെഡിന്റെ കഴിവ് ഓസ്‌ട്രേലിയന്‍ ടീമിനും ഒഴിച്ചുകൂട്ടാനാവാത്തതാണ്. ആഷസ് അടുത്തിരിക്കെ ലോംഗ് ഫോര്‍മാറ്റില്‍ പരിചയം പുതുക്കാനാണ് ഹെഡിന്റെ തീരുമാനം.
ഷീല്‍ഡ് റൗണ്ടില്‍ ഓസീസ് സൂപ്പര്‍ താരങ്ങളായ ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍ എന്നിവരും അതാത് സംസ്ഥാനങ്ങള്‍ക്കായി കളിക്കാനിറങ്ങും.