ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇവരില്‍ ആരാണ് കേമന്‍ എന്ന ചോദ്യത്തിന് ലോകമെങ്ങും രണ്ട് ഉത്തരങ്ങളുണ്ട്. ആരാധകരും മുന്‍ താരങ്ങളുമെല്ലാം ഇക്കാര്യത്തില്‍ രണ്ട് തട്ടിലാണ്. പലപ്പോഴും ലയണല്‍ മെസ്സിക്കാണ് ഈ ചര്‍ച്ചയില്‍ മുന്‍തൂക്കം ലഭിക്കാറുള്ളത്. ഈ ചര്‍ച്ചകളെ മെസ്സി കാര്യമാക്കാറില്ലെങ്കിലും താനാണ് ഏറ്റവും മികച്ച ഫുട്‌ബോളറെന്ന് റൊണാള്‍ഡോ പലപ്പോഴും ആവര്‍ത്തിക്കാറുണ്ട്. ഇപ്പോഴിതാ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലും ഇക്കാര്യം ആവര്‍ത്തിച്ചിരിക്കുകയാണ് റൊണാല്‍ഡോ.
മെസ്സി എന്നെക്കാള്‍ കേമനാണെന്ന അഭിപ്രായം ഒരിക്കലും അംഗീകരിക്കില്ല. അങ്ങനെ വിനയാന്വിതനാകാന്‍ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ളത് പറയാം ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. 7 മത്സരങ്ങളില്‍ വിജയിച്ച് ലോകകപ്പ് സ്വന്തമാക്കുന്നതില്‍ വലിയ കാര്യമില്ല. അതല്ല ഒരു താരത്തിന്റെ കഴിവ് അളക്കുന്നത്. റൊണാള്‍ഡോ പറഞ്ഞു.
40കാരനായ റൊണാള്‍ഡോ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനാണ്. പ്രൊഫഷണല്‍ കരിയറില്‍ 950 ഗോളുകളും പോര്‍ച്ചുഗലിനായി 143 ഗോളുകളും റൊണാള്‍ഡോ നേടികഴിഞ്ഞു. അടുത്ത വര്‍ഷത്തെ ലോകകപ്പും ആയിരം കരിയര്‍ ഗോളുകളുമാണ് നിലവില്‍ ലക്ഷ്യമിടുന്നത്. ഇതുവരെ 5 ലോകകപ്പില്‍ കളിച്ച 22 മത്സരങ്ങളില്‍ നിന്ന് 8 ഗോളുകളാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്.