അക്ഷയ് കൊടുങ്കാറ്റില്‍ ജമ്മുവിന്റെ കടപുഴകി; രഞ്ജി ട്രോഫിയില്‍ കേരളത്തിന് ത്രസിപ്പിക്കുന്ന ജയം
ജമ്മു കശ്മീരിനെതിരെ 158 റൺസ് ജയം; നോക്കൗട്ട് സാധ്യത സജീവമാക്കി കേരളം
രഞ്ജി ട്രോഫി ക്രിക്കറ്റിൽ സീസണിലെ മൂന്നാം വിജയവുമായി കേരളം. തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജമ്മു കശ്മീരിനെതിരെ 158 റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം.
238 റണ്‍സ് എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിങ്ങിനിറങ്ങിയ കശ്മീരിന് കേവലം 79 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കേരള താരം അക്ഷയ് കെസിയാണ് കേരളത്തിനായി തകര്‍പ്പന്‍ ജയം ഒരുക്കിയത്. ജയത്തോടെ കേരളം ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി.
അക്ഷയ്ക്ക് പുറമെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നിതീഷ്, സിജുമോന്‍ ജോസഫ് എന്നിവരും ജമ്മുകശ്മീര്‍ കുരുതിയില് പങ്കാളികളായി. അഞ്ച് ഓവര്‍ മാത്രം എറിഞ്ഞ ബേസില്‍ തമ്പി ഒരു ഒരു വിക്കറ്റും വീഴ്ത്തി. കേരളം രണ്ടാം ഇന്നിംഗ്സിൽ 191 റണ്‍സിനാണ് എല്ലാവരും പുറത്തായത്.
58 റണ്‍സ് നേടിയ രോഹൻ പ്രേം ആണ് രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന്റെ ടോപ് സ്കോറർ. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ സഞ്ജു സാംസണ് രണ്ടാം ഇന്നിംഗ്സിൽ രണ്ടു റണ്‍സിനു പുറത്താകുകയും ചെയ്തു. ഈ സീസണിൽ മൂന്നു കളിയിൽ രണ്ടു വിജയവുമായി കേരളം ഇതിനകം 12 പോയിന്റ് നേടിയിരുന്നു.