കിവീസിനെ ഇന്ത്യ പറ പറത്തുമോ? ആദ്യ സെമി ഇന്ന്; ഇന്ത്യ വരുത്തിയേക്കാവുന്ന മാറ്റങ്ങൾ ഇങ്ങനെ
ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചായതിനാല്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായേക്കാവുന്ന മാറ്റത്തെ കുറിച്ചാണ് ആരാധകര്‍ ചിന്തിക്കുന്നത്.
കിവീസിനെ ഓൾഡ് ട്രഫോർഡിന് മുകളിലൂടെ പറത്തി ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യ എത്തുമോ ആകാംക്ഷയും ആവേശവും നിറച്ച് ലോകകപ്പിലെ ആദ്യ സെമി ഇന്ന്. 2015 ലോകകപ്പിൽ ഇന്ത്യയുടെ പോരാട്ടം സെമിയിൽ അവസാനിച്ചിരുന്നു. തുടർച്ചയായ രണ്ടാം വട്ടവും സെമിയിൽ കാലിടറുന്നില്ലെന്ന് മാഞ്ചസ്റ്ററിൽ ഇന്ത്യയ്ക്ക് ഉറപ്പാക്കണം.
ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചായതിനാല്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായേക്കാവുന്ന മാറ്റത്തെ കുറിച്ചാണ് ആരാധകര്‍ ചിന്തിക്കുന്നത്. ഇന്ത്യ രണ്ട് വീതം സ്പിന്നര്‍മാരെയും പേസര്‍മാരെയും ഉള്‍പ്പെടുത്താനാണ് സാധ്യത. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ഇതോടൊപ്പം യൂസ്‌വേന്ദ്ര ചാഹല്‍ ടീമിലേക്ക് തിരിച്ചെത്തും. കുല്‍ദീപ് പുറത്തിരിക്കാനാണ് സാധ്യത.
പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മുഹമ്മദ് ഷമി തിരിച്ചെത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ ഷമിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഭുവനേശ്വര്‍ കുമാറാണ് പകരം കളിച്ചത്. എന്നാല്‍ 10 ഓവറില്‍ 73 റണ്‍സ് വഴങ്ങിയ ഭുവി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. അതുകൊണ്ട് തന്നെ ജസ്പ്രീത് ബൂമ്രയ്‌ക്കൊപ്പം ഷമിക്കാണ് സാധ്യത കൂടുതല്‍. ഹാര്‍ദിക് പാണ്ഡ്യയും പേസ് ഓള്‍റൗണ്ടറായി ഇവര്‍ക്കൊപ്പം ചേരും.
എന്നാല്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റമൊന്നുമുണ്ടാവില്ല. സാധ്യത ഇലവന്‍ ഇങ്ങനെ- രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ/കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍/മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര.