Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണി കലമുടയ്‌ക്കുമോ ?; ശങ്കറിനെ വിശ്വാസമില്ലാതെ കോഹ്‌ലി, എന്തിനും തയ്യാറായി പന്തും!

ധോണി കലമുടയ്‌ക്കുമോ ?; ശങ്കറിനെ വിശ്വാസമില്ലാതെ കോഹ്‌ലി, എന്തിനും തയ്യാറായി പന്തും!
ലണ്ടന്‍ , തിങ്കള്‍, 24 ജൂണ്‍ 2019 (16:59 IST)
അവസാന ഓവറിലെ ചരിത്രം കുറിച്ച ഹാട്രിക് നേട്ടത്തിലൂടെ മുഹമ്മദ് ഷാമി ഇന്ത്യക്ക് പകര്‍ന്നു നല്‍കിയത് അത്യുഗ്രന്‍ ജയമാണ്. മത്സരത്തിന്റെ 49മത് ഓവര്‍ എറിയാന്‍ ജസ്‌പ്രിത് ബുമ്ര എത്തുന്നതുവരെ അഫ്‌ഗാനിസ്ഥാന്റെ കൈയിലായിരുന്നു കളി.

12 പന്തില്‍ 21 റണ്‍സ് വേണ്ടിയിരുന്ന എതിരാളിക്ക് ആ ഓവറില്‍ ബുമ്ര വിട്ടു നല്‍കിയത് അഞ്ച് റണ്‍സ്. അവസാന ഓവറില്‍ പരിചയസമ്പത്ത് നല്‍കിയ ആത്മവിശ്വാസം ഷമിയെ സൂപ്പര്‍‌ഹീറോയാക്കിയപ്പോള്‍ ടീം ഇന്ത്യ ലോകകപ്പില്‍ നാലാം വിജയം സ്വന്തമാക്കി. 

സെമി ഫൈനലിലേക്ക് ടീം ഇന്ത്യ ഒരു ചുവടുകൂടി അടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അഫ്‌ഗാനെതിരെയുള്ള പ്രകടനത്തെ സൂക്ഷമായി വിലയിരുത്തണം. നീക്കങ്ങള്‍ പാളിയെന്ന് തുറന്നു പറഞ്ഞത് മറ്റാരുമല്ല ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണ്. ഇനിയുള്ള ഓരോ നിമിഷവും ഇന്ത്യക്ക് നിര്‍ണായകമാണ്.

ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ എന്നീ വമ്പന്മാരെ തോല്‍‌പ്പിച്ചതിന് പിന്നാലെ അഫ്‌ഗാനെതിരെ ഇങ്ങനെയൊരു പ്രകടനം ഇന്ത്യന്‍ ആരാധകര്‍ പോലും പ്രതീക്ഷിച്ചില്ല. മധ്യനിര ബാറ്റ്‌സ്‌മാ‍ന്മാരുടെ നിലവാരം അളന്ന മത്സരമായിരുന്നു കഴിഞ്ഞത്. നോക്കൗട്ടിലേക്ക് കടക്കുമ്പോള്‍ ഇക്കളിയാണ് തുടരുന്നതെങ്കില്‍ ഫലം മറിച്ചായിരിക്കും.

മധ്യനിരയില്‍ ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ എന്നിവരിലൊരാളെ പരീക്ഷിക്കാന്‍ ഇനിയുമേറെ സമയമില്ല. ഓള്‍റൗണ്ടറായി വന്ന വിജയ് ശങ്കറിനെ ക്യാപ്‌റ്റന് പോലും വിശ്വാസമില്ല. അഫ്‌ഗാനെതിരെ ഒരോവര്‍ പോലും ശങ്കറിന് എറിയാനായില്ല. സമ്മര്‍ദ്ദത്തെ അതിജീവിച്ച് ബാറ്റ് ചെയ്യാനും താരത്തിനാ‍കുന്നില്ല. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ അടുത്ത മത്സരത്തിലും ശങ്കര്‍ തുടര്‍ന്നേക്കും. ഈ പോരാട്ടം താരത്തിന് നിര്‍ണായകമാകും. അന്നും തിളങ്ങിയില്ലെങ്കില്‍ നാലാം നമ്പറില്‍ ഋഷഭ് പന്ത് എത്തും. കാരണം , പിന്നീടുള്ള ഇന്ത്യയുടെ മത്സരം ഇംഗ്ലണ്ടിനോടാണ്.

മധ്യനിരയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്നറിഞ്ഞിട്ടും മഹേന്ദ്ര സിംഗ് ധോണി പതറിയ കാഴ്‌ചയും ശനിയാഴ്‌ച കണ്ടു. 38മത് ഓവറില്‍ കോഹ്‌ലി പുറത്തായ ശേഷം 45 ഓവര്‍ വരെ ക്രീസില്‍ നിന്ന ജാദവ് ധോണി സഖ്യം 84 പന്തിൽ നിന്ന് 57 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. ഓരോ ഓവറിലും 2–3 പന്തുകള്‍ ഇരുവരും റണ്ണെടുക്കാതെ വിട്ടു.

മുതിർന്ന താരമെന്ന നിലയിൽ ധോണിക്ക് പിഴച്ചെന്ന് സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ക്ക് ചൂണ്ടിക്കാണിക്കേണ്ടി വന്നത് ഈ സാഹചര്യത്തിലാണ്. തുടര്‍ച്ചയായി 9 പന്ത് നേരിട്ടപ്പോള്‍ ലഭിച്ചത് ഒരു റണ്‍ മാത്രമാണ്. ഇതോടെ ക്ഷമ നശിച്ച് ക്രീസില്‍ നിന്നും ചാടിയിറങ്ങിയാ‍ണ് ധോണി പുറത്തായത്.

മധ്യനിര അടുത്ത മത്സരങ്ങളിലും ഈ കളി പുറത്തെടുത്താന്‍ സ്ഥിതി വഷളാകും. റണ്‍ നിരക്ക് താഴാതെ ഒഴുക്കോടെ ബാറ്റ് ചെയ്യാന്‍ ധോണിക്ക് സാധിക്കണം. അതിനൊപ്പം പന്ത് നാലാമനായി എത്തുക കൂടി ചെയ്‌താല്‍ കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലാകും. ബുമ്ര, ഷമി, പാണ്ഡ്യ, ചാഹല്‍, കുല്‍‌ദീപ്, ജാദവ് എന്നീ ബോളര്‍മാര്‍ കൂടെയുള്ളപ്പോള്‍ ശങ്കറിനെ പുറത്തിരുത്തി കളിയുടെ ഗതി മാറ്റി മറിക്കുന്ന പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റുണ്ടാകില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്‌ക്ക് കാരണം റബാഡയോ ?; തുറന്നു പറഞ്ഞ് ഡുപ്ലെസിസ്