ലോകകപ്പ് സെമി ഫൈനല്‍ ലൈനപ്പ് ഗ്രൂപ്പ് മത്സരങ്ങള്‍ കഴിയും തോറും കൂടുതല്‍ വ്യക്തമായികൊണ്ടിരിക്കുകയാണ്. ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളില്‍ ഒന്നാമതെത്തുന്ന ടീമിന് സെമിയിലെ മത്സരം നടക്കേണ്ടത് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ്. എന്നാല്‍ സെമിയില്‍ ഇന്ത്യയ്ക്ക് എതിരാളികളായി പാകിസ്ഥാനാണ് എത്തുന്നതെങ്കില്‍ മത്സരം നടക്കുക കൊല്‍ക്കത്തയിലായിരിക്കും.
ലോകകപ്പ് മത്സരക്രമം അനുസരിച്ച് ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മില്‍ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് ഏറ്റുമുട്ടേണ്ടത്. എന്നാല്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ മുംബൈയില്‍ ലോകകപ്പ് മത്സരം കളിക്കാനാകില്ലെന്ന് ലോകകപ്പിന് മുന്‍പ് തന്നെ പാകിസ്ഥാന്‍ ബിസിസിഐ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാകിസ്ഥാന്‍ സെമിയിലെത്തിയാല്‍ എതിരാളികള്‍ ആരായാലും വേദി കൊല്‍ക്കത്തയാകുമെന്ന് നേരത്തെ ഐസിസിയും ബിസിസിഐയും തമ്മില്‍ ധാരണയിലെത്തിയിരുന്നു.
സുരക്ഷാകാരണങ്ങളാല്‍ ലോകകപ്പിലെ 10 വേദികളില്‍ അഞ്ചിടത്ത് മാത്രമാണ് പാകിസ്ഥാന്‍ ഇത്തവണ മത്സരിച്ചത്. ഹൈദരാബാദ്,ചെന്നൈ,ബാംഗ്ലൂര്‍,അഹമ്മദാബാദ്,കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഇത്തവണ പാകിസ്ഥാന്‍ കളിച്ചത്. ലോകകപ്പില്‍ ഇന്ന് നടക്കുന്ന ശ്രീലങ്ക ന്യൂസിലന്‍ഡ് മത്സരത്തില്‍ ന്യൂസിലന്‍ഡ് ജയിച്ചാല്‍ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ മങ്ങും. അതേസമയം മഴ കളിമുടക്കുകയോ മറ്റോ ചെയ്താല്‍ കാര്യങ്ങള്‍ പാകിസ്ഥാന് അനുകൂലമായി മാറും.