ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പതറുന്നു. 10 ഓവര്‍ പിന്നിടുമ്പോള്‍ 81 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് പുറത്തായത്. ടോസ് നേടിയ ഓസീസ് മത്സരത്തില്‍ ബൗളിംഗ് തിരെഞ്ഞെടുക്കുകയായിരുന്നു.
പതിവ് പോലെ രോഹിത് ശര്‍മ റണ്‍റേറ്റ് ഉയര്‍ത്തികൊണ്ട് ബാറ്റ് ചെയ്ത മത്സരത്തില്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണിംഗ് ബാറ്ററായ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ആദം സാമ്പയുടെ കൈകളിലാണ് ഗില്‍ ഒതുങ്ങിയത്. 4 റണ്‍സ് മാത്രമാണ് താരം നേടിയത്. തുടര്‍ന്ന് വിരാട് കോലിയുമൊത്ത് രോഹിത് സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും പത്താം ഓവറില്‍ 47 റണ്‍സില്‍ നില്‍ക്കെ രോഹിത്തിനെ മനോഹരമായ ക്യാച്ചിലൂടെ ട്രാവിസ് ഹെഡ് പുറത്താക്കി. ഗ്ലെന്‍ മാക്‌സ്വെല്ലിനായിരുന്നു വിക്കറ്റ്. പിന്നാലെയിറങ്ങിയ ശ്രേയസ് അയ്യരിനെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് കീപ്പര്‍ ജോഷ് ഇംഗ്ലീസിന്റെ കയ്യിലെത്തിക്കുകയായിരുന്നു.