ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് പോയന്റ് പട്ടികയില്‍ ആദ്യനാലില്‍ തന്നെ സ്ഥാനം നേടി പാകിസ്ഥാന്‍. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഓപ്പണര്‍ അബ്ദുള്ള ഷെഫീക്കിന്റെയും പാകിസ്ഥാന്‍ കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്റെയും പ്രകടനങ്ങളുടെ മികവിലാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തിനിടെ പരിക്കേറ്റെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം മാത്രമാണ് പാക് താരം മുഹമ്മദ് റിസ്‌വാന്‍ ഇന്നലെ കളം വിട്ടത്.
മത്സരത്തിനിടെ പരിക്ക് കാരണം താരം വേദനയുമായി മല്ലിടുന്നതും ഗ്രൗണ്ടില്‍ പലതവണ വിശ്രമിക്കുന്നതും വേദന സഹിക്കുന്നതുമെല്ലാം ഇന്നലെ ദൃശ്യമായിരുന്നു. പല ആരാധകരും ഇത് റിസ്‌വാന്റെ അഭിനയമാണെന്നും ക്രാമ്പ്‌സ് ഉള്ള കളിക്കാരന് ഇത്ര നന്നായി ഓടാന്‍ സാധിക്കില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടിരുന്നു. മത്സരശേഷം ഇത് ശരിവെയ്ക്കുന്ന പ്രതികരണമാണ് റിസ്‌വാനില്‍ നിന്നും ഉണ്ടായത്.
ക്രാമ്പ്‌സ് ഉണ്ടായിരുന്നു എന്നത് സത്യമാണ്. ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. വേദനയുണ്ടായിരുന്നെങ്കിലും ഞാന്‍ അതിനെതിരെ പോരാടി. ചില നേരങ്ങളില്‍ വേദനയുണ്ടായിരുന്നു ചില നേരങ്ങളില്‍ അത് അഭിനയം മാത്രമായിരുന്നു.റിസ്‌വാന്‍ പറഞ്ഞു. കഠിനമായ ചെയ്‌സായിരുന്നു. എങ്കിലും വിജയം നേടാനാവുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ഒരു ടീം എന്ന നിലയില്‍ വിജയിക്കാനാകുമെന്ന് അരിയാമായിരുന്നു.വിക്കറ്റ് ബാറ്റിംഗിന് മികച്ചതായിരുന്നു. രാജ്യത്തിനായി മികച്ച പ്രകടനം നടത്താന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. മത്സരശേഷം റിസ്‌വാന്‍ പറഞ്ഞു.
മത്സരത്തില്‍ കുശാല്‍ മെന്‍ഡിസിന്റെയും സദീര സമരവിക്രമയുടെയും സെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ 344 റണ്‍സാണ് ശ്രീലങ്ക നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെയും ബാബര്‍ അസമിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. 113 റണ്‍സുമായി തിളങ്ങിയ അബ്ദുള്ള ഷഫീഖും 131 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് റിസ്‌വാനുമാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്.