ബംഗളുരു: ബംഗളുരുവിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ വലിയ ട്വിസ്റ്റ്. ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷമാണ് 35കാരനായ ഉമാശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത മദ്യപാനത്തെ തുടർന്നാണ് മരണം എന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.
ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് ഭാര്യ സുഖിതയുടെ പെരുമാറ്റത്തിൽ ഉമാശങ്കറിന്റെ അമ്മാവന് സംശയങ്ങൾ തോന്നിയിരുന്നു. ഈ സംശയമാണ് കേസിൽ വലിയ വഴിത്തിരിവായി മാറിയത്. ഫൊറൻസിക് പരിശോധനയിൽ ഉമാശങ്കർ ശ്വാസം മുട്ടിയാണ് മരിച്ചത് എന്ന് തെളിഞ്ഞതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
മരണപ്പെടുന്നതിന് ആഴ്ചകൾക്ക് മുൻപ് ഭാര്യ സുഖിതക്ക് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറുമായുള്ള വഴിവിട്ട ബന്ധം ഉമാശങ്കർ കയ്യോടെ പിടികൂടിയിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു ശ്രീനിവാസനുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്ന് ഉമാശങ്കർ ഭാര്യയോട് പറഞ്ഞു. ഇതാണ് സുഖിതയിൽ പകയുണ്ടാക്കിയത്. ഇതോടെ ഉമാശങ്കറിനെ കൊലപ്പെടൂത്താൻ സുഖിതയും ശ്രീനിവാസനും തീരുമാനമെടുത്തു.
കഴിഞ്ഞ വർഷം ജനുവരി 25ന് ഉമാശങ്കർ അമിതമായി മദ്യപിച്ചാണ് വീട്ടിലെത്തിയത്. കൊല നടത്താൻ ഇതിലും നല്ല സമയം ലഭിക്കില്ല എന്ന് മനസിലാക്കിയ സുഖിത കാമുകൻ ശ്രീനിവാസിനെ വിളിച്ചുവരുത്തി. കിടന്നുറങ്ങുകയായിരുന്ന ഉമാശങ്കറിനെ ഇരുവരും ചേർന്ന് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.