നരേന്ദ്രമോദിയുടെ ഭരണത്തിലും ആശയങ്ങളിലും ആകൃഷ്ടനായി;ഇനി രാഷ്ട്രീയം കളിക്കളം, ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു
നേരത്തെ മുതൽക്കേ താരം ബിജെപിയിലെക്കെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചിരുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ഡൽഹിയിലെ ഏഴു ലോക്സഭാ മണ്ഡലങ്ങളിൽ ഏതെങ്കിലും സീറ്റിൽ ഗംഭീർ മത്സരിക്കുമെന്നാണ് വിവരം. നരേന്ദ്രമോദിയുടെ ഭരണത്തിലും ആശയങ്ങളിലും ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് ചടങ്ങിൽ താരം വ്യക്തമാക്കി.
നേരത്തെ മുതൽക്കേ താരം ബിജെപിയിലെക്കെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് താരത്തിന്റെ രാഷ്ട്രീയ രംഗപ്രവേശനം.നേരത്തെ ഗംഭീർ ഡൽഹിയിൽ സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാവും മത്സരിക്കുക എന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന താരം വിവിധ വിഷയങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്താറുണ്ടായിരുന്നു.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്കു വേണ്ടിയും താരം പ്രചരണ രംഗത്തിറങ്ങിയിരുന്നു.