പ്രണയാഭ്യർത്ഥന നടത്തി, കഴുത്തിൽ കത്തി വെച്ച് ഇഷ്ടമാണെന്ന് പറയിപ്പിച്ചു; യുവാവിന്റെ ശല്യം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

അനു മുരളി

തിങ്കള്‍, 27 ഏപ്രില്‍ 2020 (09:18 IST)
അയൽവാസിയായ യുവാവിന്റെ ശല്യം സഹിക്ക വയ്യാതെ ജീവനൊടുക്കാൻ ശ്രമിച്ച് പെൺകുട്ടി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജുനൈദ് ആണ് പെൺകുട്ടിയെ സ്ഥിരമായി ശല്യം ചെയ്തു കൊണ്ടിരുന്നത്. പിറകേ നടന്ന് ഇയാൾ പലതവണ പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. എന്നാല്‍ കുട്ടി ഇത് നിരസിച്ചു. 
 
ഇയാള്‍ക്കെതിരെ നേരത്തെ ചങ്ങരംകുളം പോലീസില്‍ പെൺകുട്ടിയും വീട്ടുകാരും പരാതി നല്‍കിയിരുന്നു. കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം തുടരുകയാണെന്ന് പെണ്‍കുട്ടി പറയുന്നു . ഇന്നലെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കത്തി കഴുത്തില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവാഹത്തിന് സമ്മതമാണെന്ന് മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്തതായും പെൺകുട്ടി പറയുന്നു. 
 
ഭീഷണിയും മാനസിക പ്രയാസവും സഹിക്കാന്‍ കഴിയാതെ വന്നതോടെ ഇന്നലെ പുലര്‍ച്ചെയാണ് പെണ്‍കുട്ടി കൈയിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ജുനൈദിനെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 12 പേർ മുടിവെട്ടാനെത്തി, ആറുപേർ മടങ്ങിയത് കൊവിഡ് ബാധിതരായി, മധ്യപ്രദേശിൽ ഗ്രാമം പൂർണമായി അടച്ചു