ബാർബർ ഷോപ്പിൽനിന്നും മുടിവെട്ടിയതിനെ തുടർന്ന് ഒരു ഗ്രാമത്തിലെ ആറുപേർക്ക് കൊവിഡ് 19 ബാധിച്ചു. മധ്യപ്രാദേശിലെ ഖാർഗോൻ ജില്ലയിലെ ബർഗാവോൺ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. കടയിലെത്തി മുടിവെട്ടിയ 6 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഗ്രാമം പൂർണമായി അടച്ചു. 12 പേരാണ് സമീപ ദിവസങ്ങളിൽ ബാർബർ ഷോപ്പിൽ മുടിവെട്ടാൻ എത്തിയത്. ഇതിൽ ആറുപേർക്ക് രോഗബാധ സ്ഥിരീകരിയ്ക്കുകയായിരുന്നു.
മറ്റുള്ളവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരിയ്ക്കുകയാണ്. ഗ്രാമത്തിലെ മുഴുവൻ പേരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇൻഡോറിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന ആൾ ഏപ്രിൽ അഞ്ചിന് ബാർബർ ഷോപ്പിൽ മുടിവെട്ടാനെത്തിയിരുന്നു. ഇയാളിൽനിന്നുമാകാം മറ്റുള്ളവരിലേയ്ക് രോഗം പടർന്നത് എന്നാണ് സംശയിയ്ക്കുന്നത്. അതേസമയം ബാർബർക്ക് കൊവിഡ് ബാധയില്ലെന്ന് കണ്ടെത്തി.