വീട്ടമ്മയുടെ കൊലപാതകം: പ്രതി ഇരുപതുകാരനായ ഇതരസംസ്ഥാന തൊഴിലാളി
വീട്ടമ്മയുടെ കൊലപാതകം; പ്രതി 20കാരന്‍
കാഞ്ഞങ്ങാട് സ്വദേശിയും വീട്ടമ്മയുമായ ലീലയുടെ മരണം കൊലപാതകമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇരുപതുകാരനായ ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് സംഘം തയ്യാറായിട്ടില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നാല് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ ഒരാളാണ് കൊല നടത്തിയതെന്നും സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പായിരുന്നു ഇയാള്‍ മറ്റ് തൊഴിലാളികളോടൊപ്പം ജോലിക്ക് ചേര്‍ന്നതെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരിയ പൊടവടുക്കത്ത് ധര്‍മ്മ ശാസ്താക്ഷേത്രത്തിന് സമീപത്തു താമസിക്കുന്ന വേങ്ങയില്‍ അമ്പൂട്ടി നായരുടെ ഭാര്യയായ ലീല(45)യെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണം നടന്നതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ കഴുത്തില്‍ കണ്ടെത്തിയ മുറിവും അവരുടെ മാല കാണാതായതും സംശയത്തിനിടയാക്കി.