അമ്മയെ മകൻ തലയ്ക്കടിച്ച് കൊന്നു; രക്തത്തിൽ കുളിച്ച് കിടന്ന വീട്ടമ്മയുടെ മാല മോഷ്ടിച്ച് വീട്ടുജോലിക്കാരി; അറസ്റ്റ്
ആറ്റുകാൽ ഐരാണിമുട്ടം ഗോമതിയാണ് മരിച്ചത്.
മകന്റെ തലയ്ക്കടിയേറ്റ് ബോധരഹിതയായി വീണ വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മാല മോഷ്ടിച്ച് വീട്ടുജോലിക്കാരി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചതിന് ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്.
ആറ്റുകാൽ ഐരാണിമുട്ടം ഗോമതിയാണ് മരിച്ചത്. വീട്ടിൽവെച്ച് ഗോമതിയും മകൻ രാജീവും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിന് ഇടയിൽ ഗോമതിയെ മകൻ കല്ലുകൊണ്ട് തലയ്ക്കടിച്ചു. അമ്മയുടെ തലയ്ക്കടിച്ചതിന് ശേഷം മുറിയിലേക്ക് കയറിയ രാജീവിനെ വീട്ടുജോലിക്കാരി മുറിയുടെ പുറത്ത് നിന്ന് പൂട്ടി.
രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു ഗോമതിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ട് പവന്റെ മാലയുമായി വീട്ടുജോലിക്കാരിയായ ആറ്റുകാൽ കല്ലുവിള പുത്തൻവീട്ടിൽ ബീന കടന്നുകളയുകയായിരുന്നു. അബോധാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗോമതി കഴിഞ്ഞ ദിവസം മരിച്ചു. മാല നഷ്ട്പ്പെട്ട വിവരം മകൻ പൊലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ വീട്ടുജോലിക്കാരിയായ ബീനയാണ് മാല മോഷ്ടിച്ചത് എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.