മൊബൈല്‍ കാണാതായതുമായി ബന്ധപ്പെട്ട തര്‍ക്കം; വിദ്യാര്‍ഥികള്‍ യുവാവിനെ കഴുത്തറുത്തു കൊന്നു
രാജ്യതലസ്ഥാനത്ത് ഓടുന്ന ബസിൽ കൗമാരക്കാർ യുവാവിന്റെ കഴുത്തുമുറിച്ചു കൊലപ്പെടുത്തി
മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകത്തിന് സാക്ഷിയായി രാജ്യ തലസ്ഥാനം. സ്കൂൾ യൂണിഫോമിലെത്തിയ കൗമാരക്കാരാണ് ഓടുന്ന ബസിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഡൽഹിയിൽനിന്നു ബദർപൂരിലേക്കു പോകുകയായിരുന്ന ബസിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിനുശേഷം കൗമാരക്കാൻ രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ അറിയിച്ചു.
ലജ്പത് നഗറിൽ നിന്നാണ് കൊല്ലപ്പെട്ട യുവാവ് ബസിൽ കയറിയത്. ബസ് ആശ്രമം ചൗക്കിലെത്തിയപ്പോൾ സ്കൂൾ യൂണിഫോം ധരിച്ച ആറ് ആണ്‍കുട്ടികൾ ബസിൽ കയറുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കൗമാരക്കാർ തന്റെ മൊബൈൽ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവ് കുട്ടികളുമായി വാക്കുതര്‍ക്കം നടന്നു. ഇതേതുടർന്ന് സംഘത്തിലുണ്ടായിരുന്ന ഒരു കൗമാരക്കാരൻ കത്തിയെടുത്ത് യുവാവിന്റെ കഴുത്തറക്കുകയായിരുന്നു.
യുവാവ് തത്സമയം മരിച്ചു. ഇതിനുപിന്നാലെ കുട്ടികൾ ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
പ്രതികളായ കൗമാരക്കാരെ കണ്ടെത്താനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നു പൊലീസ് അറിയിച്ചു. പ്രദേശത്തെ സർക്കാർ സ്കൂളുകളിലെ യൂണിഫോം അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവർ വിദ്യാർഥികളാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.