കാമുകിയെ കൊന്ന് കുഴിച്ചിട്ടു, പൊലീസ് പരിശോധനയിൽ കിട്ടിയത് പട്ടിയുടെ ജഡം; ദൃശ്യം സിനിമയെ ഓർമിപ്പിച്ച് ധാരാപുരത്തെ കൊലപാതകം

തിങ്കള്‍, 5 ഓഗസ്റ്റ് 2019 (17:56 IST)
ജിത്തൂജോസഫ് ഒരുക്കിയ സിനിമയെ ഓര്‍മിപ്പിക്കുന്നതാണ് ധാരാപുരത്ത് നടന്ന ഒരു കൊലപാതകവും ശവമടക്കലും. ദിണ്ടിക്കല്‍ വേദസന്തൂരിനടുത്ത കേദംപട്ടിയിലെ വി. മുത്തരശിയെന്ന (19) രണ്ടാവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ മാര്‍ച്ച് പാതിയോടെ കാണാതായതാണ് സംഭവങ്ങളുടെ തുടക്കം. ജൂൺ അഞ്ചിനാണ് പെൺകുട്ടിയെ കാണാതായെന്ന പരാതി സഹോദരി നൽകുന്നത്. 
 
മുത്തരശിക്ക് കെ ഭരത് എന്ന യുവാവുമായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഒരേ കോളേജിൽ തന്നെയായിരുന്നു ഇരുവരും. എന്നാൽ, സഹോദരി തമിഴരശി ഇരുവരുടെയും ബന്ധത്തെ എതിർത്തിരുന്നു. ഇതേ തുടർന്ന് മാർച്ച് പകുതിയോടെ ഇരുവരും ഒളിച്ചോടിയെന്നാണ് കണ്ടെത്തൽ. 
 
എന്നാൽ, ഈ യാത്രയിൽ വീട്ടുകാരെ ചൊല്ലി ഇരുവരും വാൿതർക്കത്തിൽ ഏർപ്പെടുകയും ഭരത് പെൺകുട്ടിയെ അടിക്കുകയും ചെയ്തു. എന്നാൽ, അടിയുടെ ആഘാതത്തിൽ മുത്തരശി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തന്റെ വീട്ടിലേക്ക് വിളിച്ച് അമ്മയോട് ഭരത് കാര്യങ്ങളെല്ലാം പറഞ്ഞു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാൻ അവർ മകനോട് അറിയിച്ചു. 
 
തുടർന്ന് സ്വന്തം വീടിനു പിറകിൽ കാമുകിയുടെ മൃതദേഹം ഭരതും അമ്മ ലക്ഷ്മിയും ചേർന്നു കുഴിച്ചിട്ടു. ആഴ്ചകൾക്ക് ശേഷം ഭരത് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. മുത്തരശിയുടെ മൊബൈൽ ഫോണിൽ കേന്ദ്രീകരിച്ച അന്വേഷണം ഭരതിലാണ് ചെന്നവസാനിച്ചത്. തുടർന്ന് ഭരതിനെ ചോദ്യം ചെയ്ത പൊലീസ് മൃതദേഹം പുറത്തെടുക്കാൻ ഭരതിന്റെ വീട്ടിലെത്തി.
 
എന്നാൽ, പൊലീസിനെ ഞെട്ടിച്ച് കൊണ്ട് പെൺകുട്ടിയുടെ മൃതദേഹത്തിന്റെ സ്ഥാനത്ത് ഒരു പട്ടിക്കുട്ടിയുടെ മൃതദേഹമായിരുന്നു ഉണ്ടായിരുന്നത്. കുഴിച്ചിട്ട ശേഷം ഭരത് വീണ്ടും കുഴിതോണ്ടി പെൺകുട്ടിയുടെ മൃതദേഹം ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ട് പോയി കത്തിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ ഭരതിനേയും വീട്ടുകാരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് പാകിസ്ഥാൻ, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പകിസ്ഥാന് എന്ത് കാര്യം ?