ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചേരി തിരിവുണ്ടാകുന്നത് ചെറുക്കാനാണ് വനിതാ മതിലിലൂടെ ശ്രമിക്കുന്നത് എന്നാണ് സംസ്ഥാന സർക്കാരിന്റെ വദം. എന്നാൽ ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അഭിപ്രായങ്ങളിലുള്ള വ്യത്യാസമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സർക്കാരിന് താൽപര്യമില്ലാത്തതിനാലാണ് യുവതികൾ ശബരിമലയിൽ കയറാത്തത് എന്നായിരുന്നു ദേവസ്വം, മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്ഥാവന. എന്നാൽ മുഖ്യമന്ത്രി ഇതിനെ ഖണ്ഡിച്ചുകൊണ്ട് രംഗത്തുവന്നു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കരുത് എന്ന് ഒരു മന്ത്രിക്കും പറയാനാകില്ല. എന്നായിരുന്നു മുഖ്യമന്ത്രിയുടെ തിരുത്ത്.
നാളെ ശബരിമല സ്ത്രീ പ്രവേശനത്തിൽ അനുകൂല നിലപാട് സ്വീകരിക്കുന്നവരുടെ വനിതാ മതിൽ ഉയർത്തുന്നതിന് തൊട്ടുമുൻപാണ് ഈ അഭിപ്രായ വ്യത്യാസങ്ങൾ എന്നത് വളരെ പ്രസക്തമാണ്. ദേവസ്വം മന്ത്രിയെ എതിർക്കുമ്പോഴും മുഖ്യമന്ത്രി മറ്റൊരുകാര്യം കൂടി വെളിപ്പെടുത്തുന്നുണ്ട്. ശബരിമലയിൽ പൊലീസ് ബലം പ്രയോഗിക്കാൻ ശ്രാമിച്ചിട്ടില്ല. വലിയ പ്രതിഷേധങ്ങൾക്കിടയിൽ പൊലീസിന് ബലം പ്രയോഗിക്കാതെ യുവതികൾക്ക് സംരക്ഷണ നൽകാനാകില്ല എന്നതല്ലെ വാസ്തം.
ശബരിമലയിൽ ഇതേവരെ സ്ത്രീകൾ പ്രവേശിച്ചിട്ടില്ല എന്നതുകൂടി ഇവിടെ ശ്രദ്ധേയമാണ്. ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് ശബരിമലയിൽ സ്ത്രീകൾക്ക് ആരാധന നടത്താൻ സാധിച്ചിട്ടില്ല. മല കയറാനെത്തുന്ന സ്ത്രീകളെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മടക്കിയയക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഫലത്തിൽ ജനുവരിയിൽ കോടതി വീണ്ടും വിധിയിൽ പുനപ്പരിശോധന നടത്തുന്നതിനായി കാത്തിരിക്കുക തന്നെയാണ് സർക്കാർ എന്ന് കരുതേണ്ടി വരും. അതു തന്നെയാണ് ദേവസ്വം മന്ത്രിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന് റിവ്യൂ ഹർജികൾ പരിഗണിക്കുന്ന സമയത്തും കോടതി എടുത്തുപറഞ്ഞിട്ടുള്ളതാണ് വിധി നിലനിൽക്കേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകിക്കൊണ്ടല്ലേ വനിതാ മതിൽ ഉയർത്തേണ്ടിയിരുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. നവോധാനം നടപ്പിലാക്കുന്നതിൽ അവിടെ വീഴ്ചകൾ സംഭവിക്കുന്നുണ്ട്.