അമിത് ഷാ പിടിമുറുക്കി, ചടുലമായി ഓഫീസ്; വിശ്രമമില്ലാതെ മന്ത്രിമാരും ഉദ്യോഗസ്ഥരും!

ശനി, 8 ജൂണ്‍ 2019 (18:34 IST)
വര്‍ക്കഹോളിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ദിവസം നാല് മണിക്കൂറുകള്‍ മാത്രം ഉറങ്ങുകയും ബാക്കിയുള്ള സമയം പരമാവധി ജോലി ചെയ്യുകയുമാണ് അദ്ദേഹത്തിന്‍റെ രീതി. അതേ പാതയിലാണ് പുതിയ ആഭ്യന്തരമന്ത്രി അമിത് ഷായും. ദിവസത്തിന്‍റെ കൂടുതല്‍ സമയവും ഓഫീസില്‍ പ്രവര്‍ത്തിക്കുന്നതാണ് അമിത് ഷായുടെ രീതി.
 
നോര്‍ത്ത് ബ്ലോക്കിലെ ഓഫീസില്‍ രാവിലെ ഒമ്പതര മുതല്‍ തന്നെ അമിത് ഷായുടെ സാന്നിധ്യമുണ്ടാകും. അത് രാത്രി എട്ടുമണിവരെ നീളും. അതിന് ശേഷം വസതിയിലെത്തുന്ന അമിത് ഷായ്ക്ക് അവിടെയും ഓഫീസ് കാര്യങ്ങള്‍ തന്നെ.
 
പുതിയ ആഭ്യന്തരമന്ത്രി കര്‍ശനമായി ഓഫീസ് കാര്യങ്ങളില്‍ ഇടപെട്ടുതുടങ്ങിയതോടെ ആഭ്യന്തരമന്ത്രാലയവും പുതിയ ഉണര്‍വ്വിലാണ്. ഉദ്യോഗസ്ഥവൃന്ദവും കൃത്യസമയത്ത് ഓഫീസില്‍ ഹാജരാകുന്നു. ആഭ്യന്തരമന്ത്രിക്കൊപ്പം അധികസമയം ജോലി ചെയ്യാനും ഉദ്യോഗസ്ഥര്‍ റെഡി.
 
എല്ലാ ചര്‍ച്ചകളും മീറ്റിംഗുകളും ഓഫീസില്‍ തന്നെ നടത്തുന്നതാണ് അമിത് ഷായുടെ രീതി. ഒരു മിനിറ്റ് പോലും വെറുതെ കളയാതെ പരമാവധി ക്രിയാത്മകമായി ഓഫീസ് ചലിക്കുകയാണ്. ഉച്ചയൂണിന് വസതിയില്‍ പോകുന്നതായിരുന്നു മുന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ രീതിയെങ്കില്‍ ഓഫീസിലേക്ക് ഉച്ചഭക്ഷണം എത്തിച്ച് കഴിക്കുന്നതാണ് അമിത് ഷായുടെ ശൈലി.
 
മാത്രമല്ല, അവധിദിവസങ്ങളിലും അമിത് ഷാ ജോലിയില്‍ തന്നെയായിരിക്കും. ഈദ് ദിനത്തില്‍ അമിത് ഷാ ജോലി ചെയ്തപ്പോള്‍ സഹമന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഒപ്പം ചേര്‍ന്നു. 
 
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുമായും അമിത് ഷാ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന. പലരും നേരില്‍ കാണാന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. തന്‍റെ മന്ത്രാലയത്തിലെ 19 ഡിപ്പാര്‍ട്ടുമെന്‍റുകളിലെ മേധാവിമാരോട് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പ്രസന്‍റേഷന്‍ തയ്യാറാക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. 
 
എട്ട് കാബിനറ്റ് കമ്മിറ്റികളില്‍ അമിത് ഷാ അംഗമാണ്. പ്രധാനമന്ത്രി പോലും ആറ് കമ്മിറ്റികളില്‍ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഏറ്റവും വലിയ പവര്‍ സെന്‍ററായി അമിത് ഷാ മാറിക്കഴിഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇനി സ്പേസ് സ്റ്റേഷനിലേക്ക് വിനോദയാത്ര പോകാം, പുതിയ പദ്ധതിയുമായി നാസ !