മോദി തരംഗം രാഹുല്‍ പ്രഭാവത്തില്‍ മങ്ങുന്നു; അഞ്ച് സംസ്ഥാനങ്ങള്‍ പറയുന്നത് എന്ത് ?
മോദി തരംഗം രാഹുല്‍ പ്രഭാവത്തില്‍ മങ്ങുന്നു; അഞ്ച് സംസ്ഥാനങ്ങള്‍ പറയുന്നത് എന്ത് ?
തിരിച്ചടിയിയും പരിഹാസവും മറികടക്കണമെങ്കില്‍ അതിശക്തമായ മടങ്ങി വരവാണ് അനിവാര്യം. ഒരു പ്രബലശക്തിക്കെതിരെ ആഞ്ഞടിക്കണമെങ്കില്‍ കരുത്തൊട്ടും ചോരുകയുമരുത്. ഇത് മനസിലാക്കിയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആദ്യ വിജയം കണ്ടു.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ഒരു വര്‍ഷം തികഞ്ഞതിനു പിന്നാലെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്‌തത് രാഹുലും കോണ്‍ഗ്രസുമാണ്. നരേന്ദ്ര മോദിയെന്ന അതിശക്തനായ നേതാവിന് പറ്റിയ എതിരാളിയാണെന്ന് താനെന്ന് അദ്ദേഹം തെളിയിച്ചു.
മൂന്ന് സംസ്ഥാനങ്ങളുടെ ഭരണം ബിജെപിയില്‍ നിന്നും തിരിച്ചു പിടിച്ചാണ് രാഹുല്‍ തന്റെ കരുത്ത് തെളിയിച്ചത്. പക്വതയില്ലാത്ത നേതാവെന്ന പരിഹാസം നിലനില്‍ക്കെയാണ് ഓരോ സംസ്ഥാനത്തും ഓടിയെത്തി രാഹുല്‍ ഭരണം പിടിച്ചെടുത്തത്. ഇതോടെ അമിത് ഷാ - മോദി കൂട്ടുക്കെട്ടിന്റെ തന്ത്രങ്ങള്‍ തകര്‍ന്നു വീഴുന്നതും രാജ്യം കണ്ടു.
ലോക്‍സഭാ തെരഞ്ഞെടുപ്പിനു മുമ്പായുള്ള സെമിഫൈനല്‍ എന്നാണ് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറം എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്. ഈ മത്സരത്തില്‍ രാഹുലും കോണ്‍ഗ്രസും വിജയം കണ്ടു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഫലങ്ങള്‍ ബിജെപിയെ ചെറുതൊന്നുമല്ല വേദനിപ്പിക്കുന്നത്.
മോദി തരംഗം രാഹുല്‍ പ്രഭാവത്തില്‍ മങ്ങുന്നതിന്റെ ആദ്യ സൂചന കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതിന് ശേഷമുള്ള കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ ആദ്യ സൂചന കൂടിയാണിത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സോണിയാ ഗാന്ധിയില്‍ നിന്നും ഏറ്റെടുത്തതിനു ഒരു വര്‍ഷം തികഞ്ഞതിനു പിന്നാലെ പാട്ടിക്കുണ്ടായ ഈ നേട്ടം രാഹുലിന്റെ വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.