സില്‍ക്ക് സ്മിതയുടെ 23-ആം ചരമവാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. മരണത്തില്‍ പോലും സില്‍ക്കിന് ദയ കിട്ടിയില്ലെന്ന് അഭിപ്രായപ്പെടുന്നവര്‍ ഇന്നും സിനിമാലോകത്തുണ്ട്. സിൽക്ക് സ്മിതയ്ക്ക് അന്നും ഇന്നും ആരാധകർ ഏറെയാണ്.
സില്‍ക്കിന്റെ മരണവാര്‍ത്ത കേട്ട് ആശുപത്രിയിലെത്തിയപ്പോഴുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍.
‘സണ്ണി ലിയോണിനെ കാത്തു നിന്ന പോലെ അന്ന് ആളുകള്‍ അവരെ കാത്തു നിന്ന് കണ്ടിട്ടുണ്ടെന്നും അവര്‍ കടിച്ച ആപ്പിള്‍ വരെ ലേലം കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍ ജീവിച്ചിരുന്നപ്പോള്‍ ആരാധകര്‍ ആഘോഷിച്ച ആ ശരീരം പ്രാണന്‍ പോയപ്പോള്‍ അവര്‍ക്കും വേണ്ട എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കോടമ്പാക്കം എന്ന ശവപ്പറമ്പ്:
ഒരു സെപ്റ്റംബര്‍ ഇരുപത്തിമൂന്നാം തിയതി കടന്നു പോയ സില്‍ക്ക് സ്മിതയെ കുറിച്ച് സഹതാരം അനുരാധയുടെ ചില ഓര്‍മ്മകള്‍ ഫേസ്ബുക്കില്‍ വായിച്ചു. സില്‍ക്ക് സ്മിത, ഒരു കാലത്തെ നമ്മുടെ സണ്ണി ലിയോണ്‍ ആയിരുന്നല്ലോ. സണ്ണി ലിയോണിനെ കാത്തു നിന്ന പോലെ അന്ന് ആളുകള്‍ അവരെ കാത്തു നിന്ന് കണ്ടിട്ടുണ്ട്. അവര്‍ കടിച്ച ആപ്പിള്‍ വരെ ലേലം കൊണ്ടിട്ടുണ്ട് .അതൊന്നുമല്ല പറയാന്‍ വന്നത്. എന്റെ ചില അനുഭവങ്ങളാണ്.
പത്രപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായിരുന്നു ജി എ ലാല്‍ ഒരിക്കല്‍ അവരോടു ഒരു അഭിമുഖം ചോദിച്ചിട്ടുണ്ട്. കടുത്ത നിഷേധമായിരുന്നു മറുപടി. ലാല്‍ അപ്പോള്‍ പറഞ്ഞു എനിക്ക് വിജയലക്ഷ്മിയുടെ അഭിമുഖം ആണു വേണ്ടത്. ലാലിനെ നിമിഷങ്ങളോളം നോക്കി നിന്ന് കൊണ്ട് അവര്‍ പറഞ്ഞു … വിജയലക്ഷ്മി ഇരന്തു പോച് …. ആന്ധ്രയിലെ ഏതോ ഗ്രാമത്തില്‍ നിന്ന് കോടമ്ബാക്കത്തെത്തിയ വിജയലക്ഷ്മി എന്ന നാടന്‍ പെണ്‍കിടാവിനെ സിനിമ സില്‍ക്ക് സ്മിതയായി മാറ്റിപ്പണിയുകയായിരുന്നല്ലോ.അപ്പോഴും അവര്‍ വിജയലക്ഷമിയെ സ്‌നേഹിച്ചിരുന്നിരിക്കണം. അല്ലെങ്കില്‍ ആ പെണ്‍കുട്ടി മരിച്ചുപോയെന്ന് അവര്‍ പറയുമായിരുന്നോ . സ്‌നേഹത്തിന്റെ സങ്കടക്കടലില്‍ ഉഴലുമ്‌ബോഴാണല്ലോ നമ്മള്‍ നമ്മെ തന്നെ കൊന്നു കളയുന്നത്…ഒടുവില്‍ സില്‍ക്ക് സ്മിത സില്‍ക്ക് സ്മിതയോട് ചെയ്തതും അത് തന്നെ .അവര്‍ ഒരു സാരി തുമ്ബില്‍ അവരെ കെട്ടി തൂക്കി നമുക്കുള്ള അവസാന കാഴ്ച്ചയായി…
ഞാന്‍ അന്ന് പത്രപ്രവര്‍ത്തകന്റെ വേഷത്തില്‍ മദ്രാസില്‍ ഉണ്ട് .അവരുടെ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ജോണ്‍സന്‍ ചിറമ്മല്‍ തിരിച്ചു വന്നു വിഷണ്ണനായി ….ആശുപതിയില്‍ മൃതദേഹത്തിനടുത്തു അങ്ങനെ ആരുമില്ല…. ഞാന്‍ അപ്പോള്‍ അറിയാതെ പറഞ്ഞു ജീവിച്ചിരുന്നപ്പോള്‍ ആരാധകര്‍ ആഘോഷിച്ച ആ ശരീരം പ്രാണന്‍ പോയപ്പോള്‍ അവര്‍ക്കും വേണ്ടാ .അത് എഴുതൂ ജോണ്‍സാ ….ജോണ്‍സന്‍ പിന്നെ മൂകനായിരുന്നു ആ വാര്‍ത്ത എഴുതുന്നത് കണ്ടു .
നക്ഷത്രങ്ങളുടെ ആല്‍ബം എന്ന എന്റെ നോവലില്‍ സുചിത്ര എന്ന നടിയുണ്ട് .കോടമ്ബാക്കം മാറ്റി തീര്‍ത്ത ഒരു ജീവിതം .അവര്‍ സ്മിതയല്ല .അവരെ പോലുള്ള ഒരാള്‍. സ്മിത മരിച്ച രാത്രിയില്‍ ഞാനും സുഹൃത്തായ ഷാജനും കോടമ്ബാക്കത്തൂടെ നടന്നത് ഓര്‍ക്കുന്നു .അവിടെ ആരും സ്മിതയെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നില്ല .
കോടമ്ബാക്കം വിജയലക്ഷ്മിമാരുടെ ശവപ്പറമ്ബായിരുന്നു .
ജോര്‍ജ് സാര്‍ ലേഖയുടെ മരണത്തില്‍ അത് വരച്ചിട്ടിട്ടുണ്ട് …. ഞാനീ പറയുന്നതിനേക്കാള്‍ ഹൃദയസ്പൃക്കായി ….
സില്‍ക്ക് സ്മിതയും ആ സിനിമയും ഒക്കെ …ഹോ വല്ലാത്ത ഓര്‍മ്മകള്‍ തന്നെ.