Publish Date: Thu, 04 Jan 2018 (10:29 IST)
Updated Date: Thu, 04 Jan 2018 (10:31 IST)
പെണ്ണായത് കൊണ്ടു മാത്രമാണ് നടി പാര്‍വതിക്കെതിരെ ഇത്രയേറെ സൈബര്‍ ആക്രമണം നടക്കുന്നതെന്ന് സംവിധായകന്‍ ആഷിഖ് അബു. കുറച്ചു കാലങ്ങള്‍ മുമ്പ് ഞാന്‍ ഇതിലും വലിയ പ്രതികരണം നടത്തിയിരുന്നു. അന്ന് എനിക്കെതിരെ ഒരുതരത്തിലുള്ള ഹാലിളക്കവും ഉണ്ടാകാതിരുന്നതും അതുകൊണ്ടാണെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയില്‍ സംസാരിക്കവെ അദ്ദഹം പറഞ്ഞു.
മായാനദിയുടെ പ്രമോഷന്റെ ഭാഗമായാണ് ആഷിഖ് അബു ഏഷ്യാനെറ്റ് ന്യൂസിലെത്തിയത്. നേരത്തെ തീരുമാനിച്ചത് പോലെയായിരുന്നില്ല ‘മായാനദി’ എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തിരുന്നതെന്നും ആഷിഖ് അബു പറഞ്ഞു. അതേസമയം, എങ്ങനെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്ന കാര്യം തുറന്നു പറയാന്‍ അദ്ദേഹം തയ്യാറായതുമില്ല.
വളരെ പതുക്കെ ആളുകളിലേക്ക് എത്തേണ്ട ഒരു സിനിമയാണ് മായാനദി. ആ ചിത്രത്തിന്‍ പല തലങ്ങളുണ്ട്. അത് വളരെ പതുക്കെ മാത്രം ആളുകള്‍ മനസ്സിലാക്കേണ്ട ഒരു കഥയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍വ്വതിയെ പിന്തുണച്ചതിന്റെ പേരില്‍ ആഷിഖ് അബുവിനെതിരേയും ആഷിഖിന്റെ പുതിയ ചിത്രമായ മായനദിയ്ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു.