വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും മുൻഭാര്യ അമൃതയുടെ പരാതിയെ നടൻ ബാലയ്‌ക്കെതിരെ പൊലീസ് കേസ് എടുത്ത സംഭവത്തിൽ പ്രതികരണവുമായി ബാല. മുന്‍ഭാര്യയുമായുള്ള വിഷയത്തില്‍ ഇനി പേരെടുത്ത് സംസാരിക്കില്ലെന്ന് കോടതിക്കും പൊലീസിനും താന്‍ വാക്ക് കൊടുത്തിട്ടുണ്ടെന്നും അത് തെറ്റിച്ചിട്ടില്ലെന്നും ബാല വ്യക്തമാക്കി. തന്നെ തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കരുതെന്നും ബാല ആവശ്യപ്പെട്ടു.
'എന്റെ വളരെ ഒരു ബുദ്ധിമുട്ടുള്ള അവസ്ഥ നിങ്ങളോട് പറയാനാണ് ഞാന്‍ വന്നത്. ഞാന്‍ ഇതിനെ കുറിച്ച് ഇനി ഒരിക്കലും പേരെടുത്ത് സംസാരിക്കില്ല എന്ന് കോടതിയിലും പൊലീസിനും ഞാന്‍ വാക്ക് കൊടുത്തതാണ്. അന്നുതൊട്ട് ഇന്നുവരെ എന്റെ വാക്ക് ഞാന്‍ പാലിച്ചിട്ടുണ്ട്. പിന്നെ കേസിന് മേലെ കേസ് കൊടുത്ത് എന്റെ വായടച്ചിട്ട് മിണ്ടാതെ ഇരിക്കണം എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്.
ഞങ്ങള്‍ ഇപ്പോള്‍ സന്തോഷമായി പോകുന്നു, സമാധാനമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു. പക്ഷെ മറ്റേ സൈഡില്‍ നിന്ന് ഇങ്ങനെ തുടരെ തുടരെ പ്രശ്‌നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. എന്റെ അവസ്ഥ എന്താണെന്ന് വച്ചാല്‍ സംസാരിച്ചാല്‍ എന്റെ മേലില്‍ അടുത്ത കേസ് വരും സംസാരിച്ചില്ലെങ്കില്‍ യുട്യൂബ് കാരും ചാനലുകളും ഉള്‍പ്പടെ എനിക്കെതിരെ ഓരോ ആരോപണങ്ങള്‍ പറയും. ഞാന്‍ വ്യാജ രേഖ ഉണ്ടാക്കി എന്നൊക്കെ ചാനലില്‍ പറയുന്നത് കേട്ടു. ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്, ഞാന്‍ മിണ്ടണോ മിണ്ടാതെ ഇരിക്കണോ? മിണ്ടിയാലും കുഴപ്പം മിണ്ടിയില്ലെങ്കിലും കുഴപ്പം. ഞാന്‍ എന്ത് ചെയ്യണം?
ഞാന്‍ എന്റെ ഭാര്യയോടൊപ്പം ജോളി ആയി ഇരിക്കുകയാണ്. ഞങ്ങള്‍ക്കൊരു കുട്ടി വരാന്‍ പോകുന്നു, ഉടനെ വരും. ഞങ്ങളുടെ കുടുംബം നോക്കി ഞങ്ങള്‍ പോകുന്നതായിരിക്കും നല്ലത്. അവരവര്‍ക്ക് അര്‍ഹതപ്പെട്ടത് അവരവര്‍ക്ക് തീര്‍ച്ചയായും കിട്ടും. വ്യാജരേഖ ചമച്ചു എന്നൊക്കെ പറയുന്നത് ബാല കേള്‍ക്കാന്‍ ഉള്ള വാക്കല്ല. അത് വളരെ തെറ്റായിപ്പോയി. ഒരുപാട് പേര്‍ക്ക് നന്മ ചെയ്യുന്ന ആളാണ് ഞാന്‍. ആ നന്മയ്ക്ക് എല്ലാം വിഷം വയ്ക്കുന്നത് പോലെ ആയിപ്പോകും ഇത്. ഇങ്ങനത്തെ വാക്കുകള്‍ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്. അങ്ങനെ ഒരാളല്ല ഞാന്‍', ബാല പറഞ്ഞു.