തകഴിയുടെ 'രണ്ടിടങ്ങഴി'? അടൂരും മമ്മൂട്ടിയും വീണ്ടും; നിര്‍മാണം മമ്മൂട്ടി കമ്പനി
ഈ പ്രൊജക്ട് നടക്കുകയാണെങ്കില്‍ മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും
Adoor Gopalakrishnan and Mammootty
മലയാളത്തിലെ ക്ലാസിക്കുകള്‍ക്കു ജന്മംനല്‍കിയ അടൂര്‍ ഗോപാലകൃഷ്ണന്‍ - മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും. അടൂര്‍ സംവിധാനം ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് വിവരം. ഇതേ സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
തകഴിയുടെ 'രണ്ടിടങ്ങഴി' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരിക്കും ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 'രണ്ടിടങ്ങഴി' സിനിമയാക്കാന്‍ മമ്മൂട്ടിയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുക.
ഈ പ്രൊജക്ട് നടക്കുകയാണെങ്കില്‍ മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും ഇത്. 1987 ല്‍ 'അനന്തരം' എന്ന ചിത്രത്തിലാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. 1989 ല്‍ മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച സിനിമകളില്‍ ഒന്നായ 'മതിലുകള്‍', 1994 ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡിലേക്ക് നയിച്ച 'വിധേയന്‍' എന്നീ സിനിമകളും അടൂര്‍ ഗോപാലകൃഷ്ണനാണ് സംവിധാനം ചെയ്തത്.