Thalaivar 173: 'രജനികാന്തിന് ഇഷ്ടപ്പെടുന്ന സിനിമയേ ചെയ്യൂ; അദ്ദേഹം തൃപ്തിയാകുന്നതുവരെ കഥ കേൾക്കും': കമൽ ഹാസൻ
ഒരു വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തലൈവർ 173 എന്ന ചിത്രത്തിൽനിന്ന് സംവിധായകൻ സുന്ദർ സി പിന്മാറിയ സംഭവത്തിൽ പ്രതികരിച്ച് കമൽ ഹാസൻ. അദ്ദേഹവുമായി ഒരുമിച്ച് ഇനിയൊരു സിനിമയ്ക്ക് സാധ്യതയില്ലെന്നും രജനികാന്തിനു കൂടി ഇഷ്ടപ്പെടുന്ന ഒരു പ്രൊജക്റ്റ് വരുന്നതുവരെ കാത്തിരിക്കുമെന്നും കമൽ ഹാസൻ പറഞ്ഞു.
ഒരു വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തലൈവർ 173 രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ചിത്രം നിർമിക്കുന്നത്. സുന്ദർ സി ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന് ഈ മാസം രണ്ടാം തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് താൻ ഈ പ്രൊജക്റ്റിൽ നിന്ന് പിന്മാറുകയാണെന്ന് സുന്ദർ സി അറിയിച്ചു.
'സുന്ദർ സി തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, ഒരുമിച്ചൊരു സിനിമയ്ക്ക് സാധ്യതയില്ല. ഞാനൊരു നിർമാതാവാണ്. അതുകൊണ്ട് എൻ്റെ താരമായ സൂപ്പർ സ്റ്റാർ രജനികാന്തിനെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയാണ് എനിക്ക് ചെയ്യേണ്ടത്. അദ്ദേഹത്തിന് തൃപ്തിയാകും വരെ ഞങ്ങൾ തിരക്കഥകൾ കേൾക്കുന്നത് തുടരും. അഭിനേതാക്കളെന്ന നിലയിൽ ഞങ്ങൾ ഒരുമിക്കുന്ന സിനിമയ്ക്കായി മറ്റൊരു കഥ തേടുകയാണ്.' കമൽ ഹാസൻ പറഞ്ഞു.