ഹൈദരാബാദ്: നടൻ നാഗാർജുനയുടെ മകനും ടോളിവുഡ് താരവുമായ അഖിൽ അക്കിനേനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. സൈനബ് റാവദ്‌ജിയാണ് വധു. നാഗാർജുനയാണ് മകന്റെ വിവാഹനിശ്ചയം ഔദ്യോഗികമായി അറിയിച്ചത്. തന്റെ പങ്കാളിയെ കണ്ടെത്തിയതായി അഖിലും അഭിമാനത്തോടെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ആഘോഷമായിരുന്നു അക്കിനേനി വസതിയിൽ വെച്ച് നടന്ന വിവാഹ നിശ്ചയം. ആരാധകർ ആവേശത്തിലാണ്. അടുത്ത വർഷമാണ് വിവാഹം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനിടെ, ചിലർ അഖിലിന്റെ ആദ്യ വിവാഹനിശ്ചയത്തെ കുറിച്ച് ഓർമിപ്പിച്ചു. കൊട്ടിഘോഷിച്ച ആ വിവാഹനിശ്ചയത്തിനും ആ പെൺകുട്ടിക്കും എന്ത് സംഭവിച്ചു എന്നാണ് ചില ആരാധകർ ചോദിക്കുന്നത്.
2016 ൽ ആയിരുന്നു അഖിലിന്റെ ആ വിവാഹനിശായാം. പ്രശസ്ത ഫാഷൻ ഡിസൈനറും വ്യവസായി ജിവികെ റെഡ്ഡിയുടെ ചെറുമകളുമായ ശ്രിയ ഭൂപാലുമായിട്ടായിരുന്നു അഖിലിൻ്റെ വിവാഹനിശ്ചയം നടന്നത്. ഇരുവരും ഇറ്റലിയിൽ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് വരെ പ്ലാൻ ചെയ്‌തു. പക്ഷെ അധികം വൈകാതെ ഈ വിവാഹം പാതിവഴിയിൽ വെച്ച് അവസാനിച്ചു. ഹൈദരാബാദ് എയർപോർട്ടിൽ വച്ച് ഇരുവരും തമ്മിൽ വലിയ വഴക്കുണ്ടായെന്നും കാര്യങ്ങൾ പരിഹരിക്കാൻ ഇരുകുടുംബങ്ങളും ശ്രമിച്ചിട്ടും നടന്നില്ലെന്നുമാണ് റിപ്പോർട്ട്.
സംഭവം നടക്കുമ്പോൾ അഖിലിന് വെറും 22 വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ സമയം അഖിലിന് വിവാഹത്തെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നിരിക്കാമെന്ന് സുഹൃത്തുക്കൾ വിശ്വസിക്കുന്നു. യാത്രയും ഹോട്ടൽ ബുക്കിംഗും ഉൾപ്പെടെ എല്ലാ വിവാഹ ക്രമീകരണങ്ങളും കുടുംബങ്ങൾ റദ്ദാക്കി. ശ്രിയ തൻ്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുഎസിലേക്ക് പോയി. അഖിൽ തൻ്റെ സിനിമകളിലേക്ക് സ്വയം തിരിയുകയായിരുന്നു.