Select Your Language

Notifications

webdunia
webdunia
webdunia
webdunia

'7 ലക്ഷത്തിന്റെ ആശുപത്രി ബിൽ; ആ സംവിധായകന് രക്ഷകനായത് മമ്മൂട്ടി'

Mammootty

നിഹാരിക കെ.എസ്

, ചൊവ്വ, 28 ജനുവരി 2025 (16:10 IST)
മലയാള സിനിമയിൽ ഒരുകാലത്ത് അറിയപ്പെടുന്ന സംവിധായകരിൽ ഒരാളായിരുന്നു ഉണ്ണി ആറന്മുള. എതിർപ്പ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. 1984ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു പ്രധാന വേഷം അവതരിപ്പിച്ചത്. പിന്നീട് സ്വർഗം എന്ന പേരിൽ മറ്റൊരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്‌തിരുന്നു. എന്നാൽ ഇവയുടെ വൻ പരാജയം അദ്ദേഹത്തിന്റെ ജീവിതത്തെയും കാര്യമായി ബാധിക്കുകയായിരുന്നു. ഈ ചിത്രങ്ങളുടെ സാമ്പത്തിക നഷ്‌ടം ഉണ്ണി ആറന്മുളയെ കടക്കാരനാക്കി. 
 
ഉണ്ടായിരുന്ന സർക്കാർ ജോലി രാജിവെച്ചുകൊണ്ടാണ് അദ്ദേഹം സിനിമ ചെയ്യാനിറങ്ങിയത്. കഴിഞ്ഞ വർഷമാണ് അദ്ദേഹം അന്തരിച്ചത്. ഇപ്പോഴിതാ ഉണ്ണി ആറന്മുളയുടെ ദുരിതപൂർണമായ അവസാന കാലത്തെ ജീവിതത്തിൽ അദ്ദേഹത്തിന് സഹായിക്കാൻ ബന്ധുക്കൾ പോലും ഉണ്ടായിരുന്നില്ലെന്നും നടൻ മമ്മൂട്ടിയാണ് അദ്ദേഹത്തിന് രക്ഷകനായത് എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 
'മിലിട്ടറി ഓഡിറ്റിങ് വിഭാഗത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു ഉണ്ണി. വാതിൽക്കൽ സെക്യൂരിറ്റി വരെയുള്ള ഉദ്യോഗസ്ഥൻ. ഉയർന്ന ശമ്പളമുള്ള ജീവിതം, നാട്ടിൽ ഭൂസ്വത്ത്, വിവാഹത്തിന് കാത്തിരിക്കുന്ന ജീവിതം, ഉണ്ണിയെ കൊതിയോടെ നോക്കി കണ്ടിരുന്ന ആളായിരുന്നു ഞാനും. മദ്രാസിലെ ആർകെ ലോഡ്‌ജ് ആണ് ഉണ്ണിയുടെ ജീവിതം മാറ്റിയത്. അവിടെ വരുന്ന സിനിമാക്കാരുമായി നല്ല ചങ്ങാത്തത്തിലായി ഉണ്ണി. അങ്ങനെയാണ് സിനിമ പിടിക്കാൻ ഇറങ്ങുന്നത്. 
 
അഭിനയം ഒഴിച്ച് സംവിധാനം, കഥ, തിരക്കഥ, ഗാനരചന വരെ എല്ലാം ഉണ്ണി തന്നെ ചെയ്‌ത ചിത്രമായിരുന്നു എതിർപ്പുകൾ. ആദ്യം രതീഷിനെ നായകനായും മമ്മൂട്ടിയെ ഉപനായകനും തീരുമാനിച്ചു. ഷൂട്ട് നീണ്ടപ്പോൾ മമ്മൂട്ടിയുടെ സ്‌റ്റാർ വാല്യൂ കുതിച്ചു, അങ്ങനെ നായകൻ മമ്മൂട്ടിയായി. ഉർവശി മലയാളത്തിൽ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഈ സിനിമയോടെ ഉണ്ണിയുടെ കുടുംബത്തിലെ എല്ലാവർക്കും ഉണ്ണിയോട് എതിർപ്പായിരുന്നു. 
 
അങ്ങനെ ചിത്രം വലിയ പരാജയമായി. അതിന്റെ കേട് തീർക്കാൻ ജോലിയും രാജിവച്ച് ഭൂമിയും സ്വത്തുമെല്ലാം വിറ്റ് ഉണ്ണി അടുത്ത സിനിമ ചെയ്‌തു, അതാണ് സ്വർഗം. അതോടെ എല്ലാം പൂർത്തിയായി. വിവാഹ ജീവിതം എന്ന മോഹമുൾപ്പെടെ എല്ലാം ഇല്ലാതായി. ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരുമെന്ന ഗാനം ഉണ്ണിക്ക് വേണ്ടി എഴുതിയതാണോ എന്ന് പോലും സംശയിച്ചുപോകും. സഹായിക്കാം എന്ന് പറഞ്ഞുപോയ കോടീശ്വരന്മാരായ സുഹൃത്തുക്കൾ പോലും പിന്നീട് തിരിഞ്ഞു നോക്കിയില്ല. 
 
ആ സമയത്താണ് ഉണ്ണിയുടെ രക്ഷകനായി മമ്മൂട്ടി വരുന്നത്. ഉണ്ണിക്ക് എല്ലാ മാസവും 15,000 രൂപ നൽകാൻ മമ്മൂട്ടി ചട്ടംകെട്ടി. ഇതിനിടയിൽ കോവിഡ് വന്നതോടെ എല്ലാം മാറി മറിഞ്ഞു. ഉണ്ണി അമൃത ആശുപത്രിയിൽ ചികിത്സയിലായി. കാര്യങ്ങൾ തിരക്കാണ് എന്നെ മമ്മൂട്ടി ഏൽപിച്ചു. അന്ന് ഏഴ് ലക്ഷത്തിന്റെ ബില്ലാണ് ആശുപത്രിയിൽ വന്നത്. അതൊക്കെയും അടച്ചത് മമ്മൂട്ടിയും, ഉർവശി ഉൾപ്പെടെയുള്ളവരും സഹായിച്ചു.
 
പിന്നീട് ഉണ്ണിയെ ആറന്മുളയിലെ കരുണാലയം എന്ന അനാഥാലയത്തിലാണ് താമസിപ്പിച്ചത്. അവർ നന്നായി ഉണ്ണിയെ പരിപാലിച്ചു. ഉണ്ണി ഉണ്ടായത് കൊണ്ട് തന്നെ ചില സിനിമാക്കാരുടെ പരിപാടികൾ അവിടെ വച്ച് നടത്തുകയും ചെയ്‌തു. ഒരു ചാനൽ അവതാരകൻ ഉണ്ണിയെ ഇത്രയും കാലം സംരക്ഷിച്ചത് സുരേഷ് ഗോപിയാണെന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപിക്ക് ഉണ്ണിയെ അറിയുമോ എന്ന് പോലും എനിക്ക് സംശയമാണ്', ആലപ്പി അഷറഫ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന് കരുതിവെച്ച റോൾ ഇനി ആ ബോളിവുഡ് നടന്; രാജമൗലി - മഹേഷ് ബാബു ചിത്രത്തിന്റെ അപ്‌ഡേറ്റ്