Alappuzha Gymkhana vs Bazooka: ബോക്‌സ്ഓഫീസില്‍ ജിംഖാന പിള്ളേരുടെ തൂക്ക്; ബസൂക്കയും മരണമാസും പിടിച്ചുനിന്നു
രണ്ടാം ദിനമായ ഇന്നലെ 2.50 കോടിയാണ് ആലപ്പുഴ ജിംഖാന ബോക്‌സ്ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്
Bazooka, Alappuzha Gymkhana and Maranamass
Alappuzha Gymkhana vs Bazooka: കേരള ബോക്‌സ്ഓഫീസില്‍ വിഷു വിന്നര്‍ ആലപ്പുഴ ജിംഖാന തന്നെ. മമ്മൂട്ടി ചിത്രം ബസൂക്കയേയും ബേസില്‍ ജോസഫ് ചിത്രം മരണമാസ്സിനെയും ജിംഖാനയിലെ പിള്ളേര് മറികടന്നു. റിലീസ് ചെയ്തു രണ്ടാം ദിനമായ ഇന്നലെ ബോക്‌സ്ഓഫീസില്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ ആലപ്പുഴ ജിംഖാനയ്ക്കു സാധിച്ചിട്ടുണ്ട്.
രണ്ടാം ദിനമായ ഇന്നലെ 2.50 കോടിയാണ് ആലപ്പുഴ ജിംഖാന ബോക്‌സ്ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്. അന്തിമ കണക്കുകള്‍ വരുമ്പോള്‍ ഇത് 2.75 കോടിക്ക് അടുത്തെത്തിയേക്കാം. ഇതോടെ രണ്ട് ദിവസത്തെ ഇന്ത്യ നെറ്റ് കളക്ഷന്‍ അഞ്ച് കോടി കടന്നു.
അതേസമയം ബസൂക്ക രണ്ടാം ദിനമായ ഇന്നലെ 2.25 കോടിയാണ് കളക്ട് ചെയ്തത്. എക്‌സ്ട്രാ തേര്‍ഡ് ഷോകള്‍ നടന്നിട്ടുള്ളതിനാല്‍ ഈ കണക്കില്‍ ചെറിയ മാറ്റം വന്നേക്കാം. അപ്പോഴും രണ്ടാം ദിനത്തിലെ ഇന്ത്യ നെറ്റ് കളക്ഷനില്‍ ആലപ്പുഴ ജിംഖാനയെ മറികടക്കാന്‍ സാധ്യത കുറവാണ്.
ബുക്ക് മൈ ഷോയിലെ കണക്കുകള്‍ പരിശോധിച്ചാലും ആലപ്പുഴ ജിംഖാനയ്ക്കു വ്യക്തമായ ആധിപത്യമുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ മരണമാസ്സിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റുപോയിരിക്കുന്നത് 42,000 ത്തിനു അടുത്താണ്. ബസൂക്കയുടെ 67,000 ടിക്കറ്റുകളും. എന്നാല്‍ ജിംഖാനയിലേക്ക് എത്തിയാല്‍ അത് 1,20,000 ത്തില്‍ അധികമാണ്.
കുടുംബ പ്രേക്ഷകരുടെ പിന്തുണയാണ് ആലപ്പുഴ ജിംഖാനയെ ബോക്‌സ്ഓഫീസില്‍ വിന്നറാക്കിയത്. അതേസമയം മമ്മൂട്ടി ചിത്രത്തിനും ബേസില്‍ ജോസഫ് ചിത്രത്തിനും ശരാശരി അഭിപ്രായം മാത്രമാണ് ലഭിച്ചത്.