നെറ്റ്‌ഫ്ലിക്‌സിൽ റിലീസ് ചെയ്‌ത ലൂഡോ എന്ന ബോളിവുഡ് ചിത്രത്തിനും സംവിധായകൻ അനുരാഗ് ബസുവിനും എതിരെ സംഘപരിവാർ സംഘടനകൾ. സിനിമയിലെ രംഗങ്ങൾ ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്നിങ്ങനെയാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം.
ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു എന്ന ഹാഷ്ടാഗിലാണ് ചിത്രത്തിനെതിരെ ട്വിറ്ററിൽ പ്രതിഷേധം നടക്കുന്നത്. ചിത്രത്തിൽ നടൻ രാജ്‌കുമാർ റാവു രാവണന്റെ സഹോദരി ശൂര്‍പ്പണഖയായി വേഷം കെട്ടുന്നുണ്ട്. രാമനായി വേഷം കെട്ടിയ നടനെ രാജ്കുമാര്‍ അസഭ്യം പറയുകയും തല്ലുകയും ചെയ്യുന്നുണ്ട്. മറ്റൊരു രംഗത്തിൽ ശിവന്റെയും മഹാകാളിയുടെയും വേഷം കെട്ടിയ രണ്ടു പേര്‍ കാര്‍ തള്ളുന്നുണ്ട്. ഈ രംഗങ്ങളാണ് സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഹിന്ദു മതത്തെ സംവിധായകൻ പരിസിക്കുന്നുവെന്നാണ് സംഘപരിവാർ സംഘടനകളുടെ ആരോപണം.
നവംബര്‍ 12ന് ആണ് ലുഡോ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, പേളി മാണി, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.