Bazooka Box Office: വിഷുവും ഈസ്റ്ററും അത്ര നന്നായില്ല; മമ്മൂട്ടി ചിത്രത്തിനു ബോക്‌സ്ഓഫീസില്‍ തിരിച്ചടി
റിലീസ് ചെയ്തു 11 ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ നിന്ന് 13 കോടി മാത്രമാണ് ബസൂക്കയ്ക്കു കളക്ട് ചെയ്യാന്‍ സാധിച്ചത്
Bazooka Box Office: മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത 'ബസൂക്ക'യ്ക്കു വിഷു, ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. വിഷു-ഈസ്റ്റര്‍ അവധി ദിനങ്ങള്‍ ലക്ഷ്യമിട്ട് തിയറ്ററുകളിലെത്തിയ ആലപ്പുഴ ജിംഖാനയും മരണമാസും മമ്മൂട്ടി ചിത്രത്തെ പിന്നിലാക്കി.
റിലീസ് ചെയ്തു 11 ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ നിന്ന് 13 കോടി മാത്രമാണ് ബസൂക്കയ്ക്കു കളക്ട് ചെയ്യാന്‍ സാധിച്ചത്. ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം 3.4 കോടി കളക്ട് ചെയ്ത ബസൂക്കയ്ക്കു പിന്നീട് ഒരു ദിവസം പോലും മൂന്ന് കോടി തൊടാന്‍ സാധിച്ചിട്ടില്ല.
മൂന്ന് സിനിമകളും കൂടി കേരള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് 55.33 കോടിയാണ്. അതില്‍ 28.8 കോടിയുമായി ആലപ്പുഴ ജിംഖാന ഒന്നാം സ്ഥാനത്ത്.
എട്ട് കോടി ബജറ്റില്‍ ഒരുക്കിയ മരണമാസ് ഇതുവരെ 14.33 കോടി കളക്ട് ചെയ്തു. രണ്ട് കോടിയോളം കളക്ഷന്‍ കൂടി എടുത്താല്‍ ചിത്രത്തിനു ഹിറ്റ് ടാഗ് ലഭിക്കും. റിലീസ് ചെയ്തു പത്താം ദിനത്തില്‍ മമ്മൂട്ടി ചിത്രത്തിനു കളക്ട് ചെയ്യാന്‍ സാധിച്ചത് 29 ലക്ഷമാണെങ്കില്‍ ബേസില്‍ ജോസഫ് നായകനായ മരണമാസ് 96 ലക്ഷം കളക്ട് ചെയ്തു.
ബസൂക്ക വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രമായതിനാല്‍ ഹിറ്റ് സ്റ്റാറ്റസ് ലഭിക്കാന്‍ സാധ്യതയില്ല. മൗത്ത് പബ്ലിസിറ്റിയാണ് മരണമാസിനെ ബോക്‌സ്ഓഫീസില്‍ രക്ഷപ്പെടുത്തിയത്. മറുവശത്ത് റിലീസ് ദിനത്തിലെ നെഗറ്റീവ് അഭിപ്രായങ്ങള്‍ ബസൂക്കയ്ക്ക് തിരിച്ചടിയായി.