'സിമ്രാൻ പറഞ്ഞ ആ താരം ജ്യോതിക അല്ല'; തെളിവുകൾ നിരത്തി ആരാധകർ
തുടർന്ന് നായിക ആരെന്ന് സംബന്ധിച്ച ചർച്ചകളും ആരംഭിച്ചു.
സഹപ്രവർത്തകയായ നടിയിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് നടി സിമ്രാൻ അടുത്തിടെ പൊതുവേദിയിൽ പറഞ്ഞ ചില തുറന്നു പറച്ചിലുകൾ ഏറെ ചർച്ചയായിരുന്നു. സിനിമയില്‍ നല്ല പ്രകടനമായിരുന്നു, ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്ന സന്ദേശത്തിന് സഹപ്രവർത്തക നൽകിയ മറുപടി 'ആന്‍റി റോള്‍ ചെയ്യുന്നതിനേക്കാള്‍ ഭേദമാണിത്' എന്നായിരുന്നു. സിമ്രാന്റെ മറുപടി വൈറലായി. തുടർന്ന് നായിക ആരെന്ന് സംബന്ധിച്ച ചർച്ചകളും ആരംഭിച്ചു.
സിമ്രാൻ പറയുന്ന സഹപ്രവർത്തക ജ്യോതികയാണെന്നാണ് ചിലർ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. എന്നാൽ ജ്യോതിക ഒരിക്കലും ഇങ്ങനെ പറയില്ല എന്നും സിമ്രാനോടുള്ള തന്റെ ആദരവ് നടി പലയാവർത്തി വ്യക്തമാക്കിയിട്ടുള്ളതാണ് എന്നും ആരാധകർ പറയുന്നു. ഇതിന് തെളിവായി ജ്യോതികയുടെ പല അഭിമുഖങ്ങളിൽ നിന്നുള്ള ക്ലിപ്പുകൾ ആരാധകർ പങ്കുവെക്കുന്നുണ്ട്.
സിമ്രാൻ തന്റെ 'ഓൾ ടൈം ഫേവറിറ്റ്' താരമാണെന്നും നടി മികച്ച ഡാൻസറും പെർഫോമറാണെന്നും ജ്യോതിക പറയുന്നുണ്ട്. ഒരു അഭിമുഖത്തിൽ 'ചന്ദ്രമുഖി എന്ന സിനിമയിൽ ആരെ കാസ്റ്റ് ചെയ്യും' എന്ന ചോദ്യം വരുമ്പോൾ സിമ്രാൻ എന്നാണ് ജ്യോതിക മറുപടി നൽകുന്നതും. സിമ്രാനോടുള്ള താരത്തിന്റെ അടുപ്പമാണ് ഇത് വ്യക്തമാക്കുന്നത് എന്ന് ആരാധകർ പറയുന്നു. സിനിമയിലേക്ക് വന്ന സമയം, തന്റെ അമ്മ തന്നോട് അനുകരിക്കാൻ ആവശ്യപ്പെട്ടത് സിമ്രാനെ ആയിരുന്നുവെന്ന് വരെ തുറന്നു പറയാൻ മനസ് കാണിച്ചിട്ടുള്ള ആളാണ് ജ്യോതികയെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സഹപ്രവർത്തകയിൽ നിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് സിമ്രാൻ തുറന്നുപറഞ്ഞത്. '30 വര്‍ഷമായി ഞാൻ സിനിമ മേഖലയില്‍ പ്രവർത്തിക്കുന്നു. അതിന് ദൈവത്തിന് നന്ദി. കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി, ഒരു സഹപ്രവര്‍ത്തകയ്ക്ക് ഞാന്‍ ഒരു സന്ദേശം അയച്ചു. അവര്‍ അഭിനയിച്ച ഒരു സിനിമയെക്കുറിച്ചായിരുന്നു അത്. ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞപ്പോള്‍ അവര്‍ തന്ന മറുപടി വളരെ മോശമായിരുന്നു. അങ്ങനെ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചില്ല,' എന്നായിരുന്നു സിമ്രാൻ പറഞ്ഞത്.