Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനികാന്തിന്റെ ഭാര്യയായി അഭിനയിക്കാൻ അവസരം, പ്രതിഫലം 10 ലക്ഷം; തട്ടിപ്പാണെന്ന് നടി ഷൈനി സാറ തിരിച്ചറിഞ്ഞപ്പോൾ

Shyni Sara

നിഹാരിക കെ.എസ്

, ബുധന്‍, 12 മാര്‍ച്ച് 2025 (08:24 IST)
‘ജയിലര്‍ 2’ സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ കാസ്റ്റിങ് കോള്‍ തട്ടിപ്പ് നടക്കുന്നതായി നേരത്തെ സിനിമയുടെ അണിയറ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ തനിക്ക് സമാന സംഭവം ഉണ്ടായെന്ന് വെളിപ്പെടുത്തുകയാണ് നടി ഷൈനി സാറ. തനിക്ക് വന്ന വ്യാജ കാസ്റ്റിങ് കോളിനെ കുറിച്ച് താരം പറയുന്നു. രജനികാന്തിന്റെ ഭാര്യയുടെ വേഷത്തിലേക്കുള്ള കാസ്റ്റിങ് കോള്‍ എന്ന് പറഞ്ഞ് വിളിച്ചാണ് തന്നില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചത് എന്നാണ് ഷൈനി പറയുന്നത്. 
 
തമിഴില്‍ അഭിനയിക്കാനുള്ള ആര്‍ട്ടിസ്റ്റ് കാര്‍ഡിനായി 12,500 രൂപ ചോദിച്ചെന്നും മറ്റ് താരങ്ങള്‍ സഹായിച്ചതു കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും ഷൈനി വ്യക്തമാക്കി. നടി മാല പാര്‍വതിയാണ് ഷൈനിയുടെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്. സുരേഷ് കുമാര്‍ കാസ്റ്റിങ് കോള്‍ എന്ന ഏജന്‍സിയില്‍ നിന്നുമാണ് വിളിക്കുന്നത് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതെന്നും ഷൈനി വ്യക്തമാക്കി.
 
ഷൈനിയുടെ വാക്കുകൾ:
 
സിനിമയില്‍ എന്നെപ്പോലെ വേഷങ്ങള്‍ ചെയ്യുന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, സംഗതി വളരെ രസകരവും അതുപോലെ തന്നെ പ്രധാനപ്പെട്ടതുമാണ്. കഴിഞ്ഞ ദിവസം എന്റെ വാട്ട്‌സാപ്പ് ചാറ്റില്‍ ഒരു മെസേജ് വന്നു. പീയുഷ് കാസ്റ്റിങ് ഏജന്‍സി വഴി ജയിലര്‍ 2വിന് വേണ്ടി അപേക്ഷിച്ച നിങ്ങളുടെ അപേക്ഷ ഞങ്ങള്‍ പരിഗണിച്ചു. രജനിയുടെ മകളുടെയും മകന്റെയും വേഷത്തിലാണ് ഇപ്പോള്‍ ആളുകളെ നോക്കുന്നതെന്ന് പറഞ്ഞു. എന്റെ പ്രായത്തിന് അനുസരിച്ചുള്ള വേഷമെന്തെങ്കിലും വേണമെന്ന് പറഞ്ഞ് അവര്‍ക്ക് വിവരങ്ങളെല്ലാം നല്‍കി. പിറ്റേ ദിവസം സുരേഷ് കുമാര്‍ കാസ്റ്റിങ്‌സ് എന്ന പേരിലുള്ള കമ്പനിയില്‍ നിന്നും വേറൊരാള്‍ സുരേഷ് കുമാറിന്റെ അസിസ്റ്റന്റ് വാട്ട്‌സാപ്പില്‍ ചാറ്റ് ചെയ്തു.
 
പാസ്‌പോര്‍ട്ട് ഉണ്ടോ, തമിഴ് നാട്ടിലും മലേഷ്യയിലുമാണ് ഷൂട്ടെന്ന് പറഞ്ഞു. കാസ്റ്റിങ്ങില്‍ തിരഞ്ഞെടുത്താല്‍ പത്തര ലക്ഷം രൂപയാണ് പ്രതിഫലമെന്നും പറഞ്ഞു. പ്രഫഷണലായ രീതിയിലുള്ള ഇവരുടെ ഇടപെടലില്‍ ഞാന്‍ വീണു. ഒരു നിമിഷം എന്റെ മനസില്‍ ലഡു പൊട്ടി. രജനി സര്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ്. അങ്ങനെ ഇയാള്‍ പറഞ്ഞു, നാളെ രാവിലെ പതിനൊന്ന് മണിക്ക് സുരേഷ് സര്‍ വിളിക്കുമെന്ന്. പക്ഷേ രണ്ട് ദിവസം കഴിഞ്ഞിട്ടും വിളിച്ചില്ല. മൂന്നാം ദിവസം സുരേഷ് എന്നു പറയുന്ന ആള്‍ ഓഡിയോ കോള്‍ ചെയ്തു. ഉടന്‍ തന്നെ റെഡിയാകണം, വീഡിയോ കോളില്‍ വരണം, ഒരുപാട് പേരെ അഭിമുഖം നടത്താനുണ്ട്, മുടി അഴിച്ചിട്ട് സാരി ഉടുത്ത് വരണം എന്നൊക്കെ പറഞ്ഞു.
 
പുറത്തായിരുന്ന ഞാന്‍ കേട്ട പാതി കേള്‍ക്കാത്ത പാതി പെട്ടന്ന് ബൈക്കെടുത്ത് വീട്ടിലെത്തി സാരിയൊക്കെ ഉടുത്ത് റെഡിയായി. അയാള്‍ വിളിക്കുന്നു, അങ്ങനെ അഭിമുഖം തുടങ്ങി, ആദ്യം എന്റെ പ്രൊഫൈല്‍ പറഞ്ഞു. പിന്നീട് ഉയരവും സൈസും മേല്‍വിലാസവും സിനിമകളുടെ വിവരമൊക്കെ ഇംഗ്ലീഷില്‍ പറയുന്നു. ചെരിഞ്ഞു നില്‍ക്കൂ, നീങ്ങി നില്‍ക്കൂ എന്നൊക്കെ പറയുന്നുണ്ട്. വളരെ ഡീസന്റ് ആയാണ് സംസാരിക്കുന്നത്. ഷൂട്ടിങ്ങിന് വരുമ്പോള്‍ ഗാര്‍ഡിയനെ നിര്‍ബന്ധമായും കൊണ്ടുവരണമെന്ന് പറഞ്ഞു. അതിന് ശേഷം ആര്‍ട്ടിസ്റ്റ് കാര്‍ഡ് ഉണ്ടോ എന്നു ചോദിച്ചു. അതിവിടെ നമുക്ക് ഇല്ല. ഞാന്‍ എടുത്തിട്ടുമില്ല. തമിഴ്‌നാട്ടില്‍ അത് അത്യാവശ്യമാണെന്നും 12300 രൂപയാണ് അതിന് വരുന്നതെന്നും അവര്‍ പറഞ്ഞു. എനിക്ക് വേണ്ടി അവര്‍ അത് എടുത്തു തരാമെന്നും വാഗ്ദാനം ചെയ്തു.
 
അതിന് വേണ്ടി ആധാര്‍ കോപ്പി, ഫോട്ടോ എന്നിവ അയയ്ക്കണമെന്ന് പറഞ്ഞു. ഒരു ഇമെയ്ല്‍ അയയ്ക്കാം, അതിന് ഓക്കെ തന്നാല്‍ ആര്‍ട്ടിസ്റ്റ് കാര്‍ഡിനുള്ള അപേക്ഷ കൊടുക്കാമെന്ന് പറഞ്ഞു. വളരെ പ്രൊഫഷനായ മെയിലാണ് വന്നത്. ഞാന്‍ ആ മെയിലിന് ഓക്കെ കൊടുത്തു. അതിന് ശേഷം അവര്‍ ഓഡിയോ കോള്‍ വിളിക്കുന്നു. മെയില്‍ കിട്ടി, ഇന്ന് തന്നെ ആര്‍ട്ടിസ്റ്റ് കാര്‍ഡ് എടുക്കാം അതിന്റെ പൈസ നിങ്ങള്‍ ഇപ്പോള്‍ തന്നെ അയയ്ക്കണമെന്ന് പറഞ്ഞു. പൈസ വേണമെന്ന് പറഞ്ഞപ്പോള്‍, അതിന് കുറച്ച് സമയം വേണമെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ ഓക്കെ പറഞ്ഞതു കൊണ്ടല്ലേ കണ്‍ഫര്‍മേഷന്‍ മെയില്‍ അയച്ചതെന്നും വേറെ പല അഭിനേതാക്കളും ഈ റോളിനായി ക്യൂവിലാണെന്നും അവര്‍ പറഞ്ഞു.
 
നിങ്ങളെ പെട്ടന്ന് കാസ്റ്റ് ചെയ്യുന്നതിനാണ് ആര്‍ടിസ്റ്റ് കാര്‍ഡ് ഇപ്പോള്‍ തന്നെ എടുക്കാമെന്ന് പറഞ്ഞത്, എത്ര സമയം വേണമെന്നും എന്നോട് ചോദിച്ചു. രണ്ട് ദിവസമെന്ന് ഞാന്‍ പറഞ്ഞു. രണ്ട് ദിവസം പറ്റില്ല, പകുതി പൈസ ഇപ്പോള്‍ അയക്കൂ, ബാക്കി പൈസ പിന്നെ അയച്ചാല്‍ മതി, ക്യൂ ആര്‍ കോഡ് തരാം. ഇതു കേട്ടതോടെ പിടുത്തം കിട്ടി. ഓക്കെ സര്‍ എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. അതിന് ശേഷം തമിഴ് ചിത്രങ്ങളിലൊക്കെ അഭിനയിക്കുന്ന മാലാ പാര്‍വതിയെയും ലിജോ മോളെയും വിളിച്ചു. രണ്ട് പേരെയും കിട്ടിയില്ല. വേറൊരു തമിഴ് സുഹൃത്തിനെ വിളിച്ച് ആര്‍ട്ടിസ്റ്റ് കാര്‍ഡിന്റെ കാര്യം ഞാന്‍ ചോദിച്ചു.
 
അങ്ങനെയൊരു കാര്‍ഡ് ആവശ്യമില്ലെന്നും അയാള്‍ എന്താണ് പറയുന്നതെന്ന് കേള്‍ക്കൂ എന്നും പറഞ്ഞു. അങ്ങനെ കാസ്റ്റിങ് കമ്പനിയില്‍ നിന്നും വീണ്ടും വിളിച്ച് പൈസ ചോദിച്ചു. ഇതിന്റെ സംവിധായകന്റെ അസിസ്റ്റന്റ് എന്റെ സുഹൃത്താണ് അദ്ദേഹത്തെ വിളിച്ചു ചോദിച്ച ശേഷം പൈസ അയയ്ക്കാമെന്ന് ഇവരോട് പറഞ്ഞു. അങ്ങനെ കോള്‍ കട്ട് ചെയ്തു. പിന്നീട് മാലാ പാര്‍വതിയും ലിജോമോളും വിളിച്ച് കാര്യം തിരക്കി. അവര്‍ അപ്പോഴെ പറഞ്ഞു, ഇത് തട്ടിപ്പാണെന്ന്. എന്നെ ഇന്റര്‍വ്യു ചെയ്തത് ഏത് റോളിനാണെന്ന് അറിയണ്ടേ? രജനി സാറിന്റെ ഭാര്യ റിട്ടയേര്‍ഡ് ഐപിഎസ് ഓഫിസര്‍ ഭാനി എന്ന കഥാപാത്രത്തിന് വേണ്ടിയാണ് ഇവര്‍ കള്ള ഓഡിഷന്‍ ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Empuraan: എല്ലാം പൊട്ടിനിൽക്കുന്ന ലൈക്ക ഏറ്റെടുത്തപ്പോഴെ പ്രതീക്ഷിച്ചു, എമ്പുരാന് വേണ്ടത്ര പ്രമോഷനില്ല, എല്ലാം ലൈക്ക കാരണമെന്ന് മോഹൻലാൽ ആരാധകർ