ചെന്നൈ: രജനികാന്ത് നായകനായി 2023 ൽ തമിഴിലെ വൻ വിജയങ്ങളിൽ ഒന്നായ ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം തമിഴിലെ തന്നെ വലിയ വിജയങ്ങളിലൊന്നായി മാറി. ചിത്രത്തിൻറെ രണ്ടാം ഭാഗം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ ഷൂട്ടിംഗ് ചെന്നൈയിൽ ആരംഭിച്ചിരിക്കുകയാണ്. രജനികാന്ത് ഇല്ലാതെ മറ്റ് താരങ്ങളുടെ സീക്വൻസുകളാണ് ആദ്യ ഷെഡ്യൂളിൽ എടുക്കുന്നത്.
തെലുങ്കിൽ നിന്നും ഒരു സൂപ്പർതാരത്തെ ജയിലർ 2 വിൽ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഗ്രേറ്റ് ആന്ധ്ര റിപ്പോർട്ട് പ്രകാരം നന്ദമൂരി ബാലകൃഷ്ണയെയോ, ജൂനിയർ എൻടിആറിനെയോ ആണ് ജയിലർ 2 ടീം എത്തിക്കാൻ ശ്രമിക്കുന്നത്. ഈ താരങ്ങളുടെ ഡേറ്റ് കൂടി ലഭിക്കുന്നത് പരിഗണിച്ചായിരിക്കും തീരുമാനം. അടുത്തിടെ ബാലയ്യയും രജനിയും ഒരു ചടങ്ങിൽ ഒന്നിച്ച് എത്തിയിരുന്നു.
അതേസമയം, ജയിലർ ആദ്യഭാഗത്തിൽ ഉണ്ടായിരുന്ന മോഹൻലാൽ, ശിവരാജ് കുമാർ എന്നിവർ രണ്ടാം ഭാഗത്തിൽ ഉണ്ടാകും എന്നാണ് വിവരം. അതിനാൽ തെലുങ്ക് സൂപ്പർതാരവും കൂടി എത്തുന്നതോടെ ചിത്രം വലിയ ബജറ്റിലേക്കാണ് വളരുന്നത് എന്നാണ് ട്രാക്കർമാർ പറയുന്നത്. നെൽസൺ ദിലീപ്‍കുമാറിൻറെ സംവിധാനത്തിൽ രജനികാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 600 കോടിയിലേറെ നേടിയിരുന്നു.