Dhruv Vikram: ആ സിനിമ ചെയ്യുമ്പോൾ ഞങ്ങൾക്കുള്ളിൽ ഒരു അകൽച്ച വന്നു: തുറന്നു പറഞ്ഞ് ധ്രുവ് വിക്രം
സുധീർ ശ്രീനിവാസന്റെ പോഡ്‌കാസ്റ്റിലായിരുന്നു പ്രതികരണം.
ചിയാൻ വിക്രവും മകൻ ധ്രുവ് വിക്രവും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു മഹാൻ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ഡയറക്ട് ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യുകയായിരുന്നു. ഇപ്പോഴിതാ സിനിമ തിയേറ്റർ റീലീസ് ചെയ്തിരുന്നതിൽ നിരാശ ഉണ്ടായിരുന്നെന്ന് പറയുകയാണ് ധ്രുവ് വിക്രം. സിനിമയുടെ ചിത്രീകരണ വേളയിൽ താനും വിക്രമുമായി അകൽച്ച ഉണ്ടായിരുന്നുവെന്നും ധ്രുവ് കൂട്ടിച്ചേർത്തു. സുധീർ ശ്രീനിവാസന്റെ പോഡ്‌കാസ്റ്റിലായിരുന്നു പ്രതികരണം.
'മഹാൻ എന്ന സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, OTT റിലീസ് ചെയ്തപ്പോൾ ഞാൻ വളരെ നിരാശനായി. ആ സങ്കടം ഒരുപാട് നാൾ ഉണ്ടായിരുന്നു. ഞാൻ ചെറുപ്പം മുതലേ എന്റെ അച്ഛന്റെ വലിയ ഫാൻ ആണ്. ഏത് നടനും ഒരു മകൻ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ വലിയ ഫാൻ ആ മകൻ ആയിരിക്കും എന്നത് സ്വാഭാവികമായ കാര്യമാണ്. ഞാനും അങ്ങനെയാണ്.
അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ പോകുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നു. പക്ഷെ വില്ലൻ വേഷമാകും എന്നത് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഞങ്ങൾ പരസ്പരം നല്ല ബോണ്ടിങ് ഉള്ള ആളുകളാണ്. നന്നായി സംസാരിക്കുന്ന ഒരു നല്ല ഫ്രണ്ട് പോലെ ആണ്. എന്നാൽ ആ സിനിമ അങ്ങനെ ആയിരുന്നില്ല.
ആ സിനിമ ചെയുമ്പോൾ ഞനങ്ങൾക്ക് ഉള്ളിൽ ഒരു അകൽച്ച വന്നിരുന്നു. പക്ഷെ പടം തീർന്നപ്പോൾ അത് കഴിഞ്ഞു. ഈ സിനിമ തിയേറ്ററിൽ ആളുകൾ ആഘോഷിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ OTTയിലേക്ക് മാറിയതിനാൽ ഞങ്ങളുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു,' ധ്രുവ് വിക്രം പറഞ്ഞു.